കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണത്തിൽ ഒരുവർഷത്തിനിടെ 24 ശതമാനം കുറവ്. 2020ൽ 66 പേരാണ് രാജ്യത്ത് അമിത അളവിലുള്ള മയക്കുമരുന്ന് ഉപയോഗം മൂലം മരിച്ചതെങ്കിൽ 2021ൽ 50 ആയി കുറഞ്ഞു.
കൂടുതൽ ആളുകൾ മരിച്ചത് മോർഫിൻ അമിതമായി ഉപയോഗിച്ചതുകാരണമാണ്. ബെൻസോഡയസഫിൻ ആണ് രണ്ടാമത്. കെമിക്കൽ മയക്കുമരുന്ന് മൂന്നാമതും ഷാബു നാലാമതും ഹഷീഷ് അഞ്ചാമതും വരുന്നു.
അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതുമൂലം മരിച്ചവരിൽ കൂടുതലും 23നും 35നും ഇടയിൽ പ്രായമുള്ളവരാണ്. പിന്നീട് വരുന്ന പ്രായവിഭാഗം 36നും 50നും ഇടയിലുള്ളവരും അതിനുശേഷം 18നും 22നും ഇടയിലുള്ളവരും ബാക്കിയുള്ളവർ 51നും 60നും ഇടയിലുള്ളവരുമാണ്. ആഭ്യന്തര, ആരോഗ്യ, സാമൂഹികക്ഷേമ മന്ത്രാലയങ്ങൾ നടത്തിയ ബോധവത്കരണവും കർശന പരിശോധനകളും മയക്കുമരുന്ന് ഉപയോഗവും അതുമൂലമുള്ള അത്യാഹിതങ്ങളും കുറക്കാൻ സഹായിച്ചിട്ടുണ്ട്.
യുവാക്കളെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കിയിട്ടുണ്ട്.
മയക്കുമരുന്ന് രാജ്യത്ത് എത്തുന്നതിനുമുമ്പ് പിടികൂടുക ലക്ഷ്യമിട്ട് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും കസ്റ്റംസും ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.