കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ കുവൈത്ത് വിടുന്നതിനുമുമ്പ് എക്സിറ്റ് പെർമിറ്റ് നേടണമെന്ന സമൂഹ മാധ്യമ പ്രചാരണം നിഷേധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. അത്തരമൊരു ആവശ്യകത നിലവിലില്ലെന്നും സഹൽ ആപ്പ് വഴി സ്പോൺസർമാർ ഗാർഹിക തൊഴിലാളികൾക്കും എക്സിറ്റ് പെർമിറ്റ് നൽകണമെന്ന അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സഹൽ ആപ്പിലെ പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ സെക്ഷനിൽ യാത്രാ തീയതി വ്യക്തമാക്കിയും സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തും എക്സിറ്റ് പെർമിറ്റ് നൽകണമെന്നായിരുന്നു പ്രചാരണം. ഗാർഹിക തൊഴിലാളികൾക്കുള്ള എക്സിറ്റ് പെർമിറ്റുകൾ സംബന്ധിച്ച് ഒരു ഔദ്യോഗിക നടപടിക്രമവും ആരംഭിച്ചിട്ടില്ലെന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി. ഔദ്യോഗിക ഗവൺമെൻറ് ചാനലുകൾ വഴി പുറത്തുവിടുന്ന വിവരങ്ങളെ ആശ്രയിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഈ മാസം ഒന്നുമുതൽ സ്വകാര്യമേഖലയിലുള്ളവർ കുവൈത്തിൽ നിന്ന് പുറത്തുപോകും മുമ്പ് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന നിയമം നിലവിൽ വന്നിട്ടുണ്ട്. ഇത് ഗാർഹിത തൊഴിലാളികൾക്ക് ബാധകമല്ല. സർക്കാർ ജീവനക്കാർക്ക് നേരത്തെ നിയമം നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.