കുവൈത്ത്: വൻ തുകയുടെ ഇടപാടുകൾ പൂർത്തിയാക്കാൻ കർശന പരിശോധനയുമായി പണവിനിമയ സ്ഥാപനങ്ങൾ. 3000 ദീനാറിന് മുകളിൽ പണമയക്കാൻ ഇടപാടുകാരന്റെ രണ്ടു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ആവശ്യമാണെന്ന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.
കുവൈത്ത് സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലും നിർദേശത്തിലുമാണ് ഈ പരിശോധനാ നടപടികൾ ആരംഭിക്കുന്നത്. നിയമാനുസൃതമായ ഉറവിടത്തിൽ നിന്നുള്ള പണം തന്നെയാണോ അയക്കുന്നത് എന്നുറപ്പിക്കാനാണ് ഇടപാടുകാരൻ ബാങ്ക് സ്റ്റേറ്റ്മെന്റ് നൽകണം എന്നാവശ്യപ്പെടുന്നത്. നേരത്തെ 10,000 ദീനാറിന് മുകളിലുള്ള തുക അയക്കുമ്പോൾ മാത്രമായിരുന്നു എക്സ്ചേഞ്ച് സ്ഥാപനങ്ങൾ സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ രേഖകൾ ആവശ്യപ്പെട്ടിരുന്നത്. കെ.വൈ.സി പ്രകാരം വെളിപ്പെടുത്തിയ വിശദാംശങ്ങളേക്കാൾ ഇടപാട് നടക്കുന്ന സാഹചര്യത്തിലും കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരുന്നു.
പണമിടപാട് കൂടുതൽ സുതാര്യമാക്കുക, നിയമാനുസൃതമാണെന്ന് ഉറപ്പാക്കുക, കള്ളപ്പണം തടയുക ഉൾപ്പെടെ ലക്ഷ്യങ്ങളുമായാണ് സെൻട്രൽബാങ്ക് നിർദേശങ്ങൾ കടുപ്പിച്ചത്.
ഇതോടൊപ്പം, രാജ്യത്തെ എക്‌സ്‌ചേഞ്ച് കമ്പനികൾ വഴിയുള്ള പ്രതിദിന പണമിടപാട് 1,000 ദിനാറായി പരിമിതപ്പെടുത്തിപ്പെടുത്തി. ഇതിന് മുകളിലുള്ള ഇടപാടുകൾ ആവശ്യമായ രേഖകളോടെ ബാങ്കിങ് ചാനലുകൾ വഴി നടത്തണം. പണമിടപാടിന്റെ ഉറവിടവും ഉപഭോക്താവിന്റെ വരുമാനവുമായും ഇടപാട് പൊരുത്തപ്പെടുന്നുണ്ടോ എന്നും പരിശോധിക്കും.
സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് എക്‌സ്‌ചേഞ്ച് കമ്പനികളിലെ പരിശോധനയും മേൽനോട്ടവും ശക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും നിയമവിരുദ്ധ പണമിടപാടുകൾ തടയാനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.