സൗദിയുടെ ഗൾഫ് കപ്പ് വിജയം; അഭിനന്ദനങ്ങളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് ജേതാക്കളായ സൗദി അറേബ്യക്ക് അഭിനന്ദനം അറിയിച്ചു കുവൈത്ത്. ഫൈനലിൽ സൗദി ടീം കാഴ്ചവെച്ച മികച്ച പ്രകടനത്തെയും, അർഹമായ കിരീടനേട്ടത്തിലേക്ക് അവരെ നയിച്ച ടീം വർക്കിനെയും കുവൈത്ത് നേതൃത്വം പ്രശംസിച്ചു.

വിജയത്തിൽ ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ സൗദി രാജാവിന് സന്ദേശം അയച്ചു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ ആറുവരെ ജിദ്ദയിൽ നടന്ന ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ഗൾഫ് ടീമുകളും പ്രകടിപ്പിച്ച മികച്ച കായിക മനോഭാവത്തെയും സാഹോദര്യ അന്തരീക്ഷത്തെയും അമീർ അഭിനന്ദിച്ചു.

മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളും മികച്ച സംഘാടനമികവും ഒരുക്കിയതിന് സൗദി അറേബ്യയെ പ്രശംസിച്ചു അമീർ, ചാമ്പ്യൻഷിപ്പിന്റെ വമ്പിച്ച വിജയത്തിൽ അതീവ അഭിമാനം പ്രകടിപ്പിച്ചു.

സൗദി രാജാവിന് മികച്ച ആരോഗ്യവും ക്ഷേമവും തുടരട്ടെയെന്നും അമീർ ആശംസിച്ചു. സൗദി അറേബ്യക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും അമീർ നേർന്നു. ജിദ്ദയിലെ അൽഇൻമ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന ഫൈനലിൽ യു.എ.ഇയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സൗദി 27ാമത് ഗൾഫ് കപ്പ് കിരീടം സൗദി അറേബ്യ സ്വന്തമാക്കിയത്.

Tags:    
News Summary - kuwait appreciate saudi gulf cup win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.