ആറ് മാസത്തിനിടെ 22,012 വാഹനാപകടം; മൂന്നര ലക്ഷത്തിലധികം ഗതാഗത നിയമലംഘനം

കുവൈത്ത് സിറ്റി: കുവൈത്തിൽ 2026ലെ ആദ്യ പകുതിയിൽ 3,51,597 ട്രാഫിക് ലംഘനങ്ങളും 22,012 വാഹനാപകടങ്ങളും രേഖപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വിവിധ കേസുകളിൽ പ്രതികളായ 891 പേരെ ഗതാഗത പരിശോധനക്കിടെ അറസ്റ്റ് ചെയ്തു.

താമസ നിയമലംഘകരായ 817 പേരെയും പിടികൂടി. ലൈസൻസില്ലാതെ വാഹനമോടിച്ച് പിടിയിലായ 259 കൗമാരക്കാരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ലഹരി/മയക്കുമരുന്ന് ഉപയോഗ സംശയത്തെ തുടർന്ന് 35 പേരെ പിടികൂടി. ഗുരുതര ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 5,609 വാഹനങ്ങളും 538 ബൈക്കുകളും കണ്ടുകെട്ടി. അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, ഗതാഗത നിയമങ്ങൾ പാലിക്കാത്തത് എന്നിവ പിടികൂടാൻ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളും കാമറ നിരീക്ഷണവുമാണ് ഈ കണക്കുകൾക്ക് ആധാരം.

അപകടങ്ങൾ കുറക്കാനും ജീവനും വസ്തുവകകളും സംരക്ഷിക്കാനും വേഗപരിധി, ട്രാഫിക് സിഗ്നലുകൾ, സുരക്ഷിത അകലം എന്നിവ പാലിക്കാൻ വാഹനമോടിക്കുന്നവരോട് അധികൃതർ നിർദ്ദേശിച്ചു. തിരക്കേറിയ റോഡുകളിലും നിയമലംഘന നിരക്ക് കൂടുതലുള്ള മേഖലകളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - 22,012 traffic accidents in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.