പണമയക്കലിന് നികുതി: എതിര്‍പ്പുമായി എം.പിമാര്‍

കുവൈത്ത് സിറ്റി: വിദേശികള്‍ നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം അസംബന്ധമെന്ന് കുവൈത്ത് പാര്‍ലമെന്‍റിലെ ഒരു വിഭാഗം അംഗങ്ങള്‍. നികുതി നിര്‍ദേശം പാര്‍ലമെന്‍റിലെ നിയമകാര്യ സമിതി ചര്‍ച്ചക്കെടുത്ത സാഹചര്യത്തിലാണ് എം.പിമാരുടെ പ്രതികരണം. റെമിറ്റന്‍സ് ടാക്സ് ശരീഅത്ത് വിരുദ്ധമാണെന്നും എംപിമാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. 
അന്താരാഷ്ട്ര നാണയനിധിയുടെ മുന്നറിയിപ്പ് അവഗണിച്ച് റെമിറ്റന്‍സ് ടാക്സ് നിര്‍ദേശവുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പാര്‍ലമെന്‍റിലെ ഒരു വിഭാഗത്തിന്‍െറ കടുത്ത എതിര്‍പ്പ് തിരിച്ചടിയായിരിക്കുകയാണ്. വിനിമയ നികുതി ഏര്‍പ്പെടുത്തുന്നത് കുവൈത്ത് ജനതയും വിദേശികളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ആത്മ ബന്ധത്തില്‍  വിള്ളല്‍ ഉണ്ടാക്കുമെന്ന അഭിപ്രായമാണ്  നിര്‍ദേശത്തെ എതിര്‍ക്കുന്ന പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കുള്ളത്. വിദേശികളുടെ വര്‍ധിച്ച സാന്നിധ്യവും അത് ജനസംഖ്യാനുപാതത്തില്‍  ഉണ്ടാക്കിയ അസന്തുലിതത്വവും സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നുണ്ട് എന്നത് ശരിവെക്കുമ്പോള്‍തന്നെ നിയമപരമായി റിക്രൂട്ട് ചെയ്യപ്പെട്ട വിദേശികള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ളെന്നാണ് ഒരു വിഭാഗത്തിന്‍െറ നിലപാട്. 
അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്തത്തെിയ അവിദഗ്ധതൊഴിലാളികളെ നാടുകടത്തുന്നതിനും ഇവരെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന വിസക്കച്ചവടക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. 
വിദേശികള്‍ അവരുടെ  വിയര്‍പ്പിന്‍െറ കൂലി സ്വന്തം നാടുകളിലേക്ക് അയക്കുന്നതിന് നികുതി ചുമത്തുക എന്നത് ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് മുഹമ്മദ് അല്‍ ഹായിഫ് എം.പി പറഞ്ഞു. ഓരോരുത്തരും സമ്പാദിക്കുന്നതിന്‍െറ രണ്ടര ശതമാനം സമൂഹത്തിനുവേണ്ടി ചെലവഴിക്കണം എന്നതാണ് ഇസ്ലാമിന്‍െറ അധ്യാപനം. പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്ത് അതിനുവേണ്ടിയുള്ളതാണ്.  മതപരമായ കാഴ്ചപ്പാടുകള്‍ മാറ്റിനിര്‍ത്തിയാല്‍പോലും കുടുംബത്തെയും നാട്ടുകാരെയും വിട്ട് ഉപജീവനത്തിനായി ഇവിടെയത്തെിയ വിദേശികള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് ആശ്വാസകരമല്ല. റെമിറ്റന്‍സ് ടാക്സ് നടപ്പാക്കുന്നതിലൂടെ അനധികൃത ഹവാല സംഘങ്ങള്‍ക്ക് അവസരം കൊടുക്കലാകും അതെന്നും പാര്‍ലമെന്‍റ് അംഗം കൂട്ടിച്ചേര്‍ത്തു. ടാക്സ് വിഷയത്തില്‍ എം.പിമാര്‍ രണ്ടു ചേരിയിലായതോടെ ഇതുസംബന്ധിച്ചു നടക്കാനിരിക്കുന്ന വോട്ടെടുപ്പ് നിര്‍ണായകമാകും. കഴിഞ്ഞ പാര്‍ലമെന്‍റിന്‍െറ തവണ ടാക്സ് നിര്‍ദേശം വോട്ടിനിട്ടപ്പോഴും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് തള്ളപ്പെടുകയായിരുന്നു.  
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.