വിദേശികളുടെ മെഡിക്കല്‍ സേവന ഫീസ് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: രാജ്യത്ത് മെഡിക്കല്‍ സേവനങ്ങള്‍ക്ക് പകരമായി വിദേശികളില്‍നിന്ന് ഈടാക്കുന്ന ഫീസില്‍ ഉടന്‍ വര്‍ധന വരുത്തുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
വിവിധ സേവനങ്ങള്‍ക്ക് പകരമായി ഇപ്പോള്‍ ഈടാക്കുന്ന ഫീസില്‍ 15-20 ശതമാനത്തിന്‍െറ വര്‍ധന വരുത്താനാണ് തീരുമാനം. മെഡിക്കല്‍ സേവന ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പ്രത്യേക സമിതി മുന്‍ ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിക്ക് സമര്‍പ്പിച്ചതാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം ഫീസ് വര്‍ധന പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. അതേസമയം, ഏതു സേവനങ്ങള്‍ക്കായാലും സ്വകാര്യ ആശുപത്രികള്‍  ഈടാക്കുന്നതിന്‍െറ 20 ശതമാനത്തില്‍ താഴെ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടുക്കേണ്ടിവരുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, അപകടങ്ങള്‍പോലുള്ള അടിയന്തര പ്രാധാന്യമുള്ള ചികിത്സകള്‍ വിദേശികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്ന നിലവിലെ രീതി തുടരും. എക്സ്റേ, സ്കാനിങ്, അള്‍ട്രാ സ്കാനിങ് തുടങ്ങിയ സേവനങ്ങള്‍ക്കാണ് ഫീസ് വര്‍ധന ഉണ്ടാവുക. ഇത്തരം സേവനങ്ങളുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങള്‍ക്കും ഭാരിച്ച ചെലവുണ്ട്.  
നിലവില്‍ സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികള്‍ ഇത്തരം സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസില്‍ വന്‍ വിടവാണ് നിലനില്‍ക്കുന്നത്. പുതിയ ഫീസ് നിരക്ക് പ്രാബല്യത്തില്‍വന്നാലും സ്വകാര്യ ആശുപത്രികളിലേതിനേക്കാള്‍ കുറവ് തന്നെയായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടാവുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.