അടുത്തവര്‍ഷം മുതല്‍ ലൈസന്‍സും വിസയും ഓണ്‍ലൈന്‍ വഴി പുതുക്കാം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കുന്നത് പരിഗണനയില്‍. അടുത്ത വര്‍ഷം തുടക്കം മുതല്‍ ഈ സമ്പ്രദായത്തിലേക്ക് മാറുന്നത് പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വിദേശികളുടെ വിസയും മന്ത്രാലത്തിന്‍െറ വെബ്സൈറ്റ് വഴി പുതുക്കാന്‍ കഴിയുന്ന വിധത്തില്‍ പരിഷ്കരണമുണ്ടാവുമെന്ന് മന്ത്രാലയത്തിലെ ഐ.ടി വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലി അല്‍ മുഅയ്ലി പറഞ്ഞു. സ്വദേശികളുടെ പാസ്പോര്‍ട്ട് ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റാന്‍ മന്ത്രാലയം തീരുമാനിച്ചിരുന്നു. 
ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി പഴയ പാസ്പോര്‍ട്ട് പിന്‍വലിച്ച് രാജ്യത്തെ എല്ലാ സ്വദേശികള്‍ക്കും ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അടിയന്തരമായി ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റിക്കിട്ടിയ പാസ്പോര്‍ട്ടുകളുടെ വിതരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് പഠനാവശ്യാര്‍ഥം പോകേണ്ട വിദ്യാര്‍ഥികള്‍, രാജ്യത്തിന് പുറത്തേക്ക് ചികിത്സക്ക് പോകേണ്ടവര്‍ തുടങ്ങി യാത്രാരേഖകള്‍ ആവശ്യമായി വന്ന 50,000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇ-പാസ്പോര്‍ട്ടുകള്‍ ലഭ്യമാക്കിയത്. ജര്‍മനിയിലെ പ്രമുഖ കമ്പനിയാണ് സ്വദേശികള്‍ക്കുവേണ്ടി  ഇലക്ട്രോണിക് പാസ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്. ഇ-ഗവേര്‍ണന്‍സിലേക്ക് മാറാന്‍ കുവൈത്ത് അതിവേഗം നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇ-ഗവേണിങ് സംവിധാനങ്ങള്‍ നടപ്പാക്കിയ ലോകത്തെ 193 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് 49ാം സ്ഥാനത്തുള്ളത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റുകളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട  എല്ലാ ഇടപാടുകള്‍ക്കും ഇ-ഗവേണിങ് സ്മാര്‍ട്ട് സിസ്റ്റം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. അതോടെ ഇക്കാര്യത്തില്‍ ലോകതലത്തില്‍ കുവൈത്തിന്‍െറ സ്ഥാനം ഇനിയും മുന്നോട്ട് കുതിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിവിധ മേഖലകളില്‍ ഇ-ഗവേണിങ് സ്മാര്‍ട്ട് സിസ്റ്റം നടപ്പാക്കിയതോടെ രാജ്യത്ത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നതിന് പുറമെ ഇടപാടുകാര്‍ക്ക് കാര്യങ്ങള്‍ സുഖമമായും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ പറ്റുന്ന സാഹചര്യവുമാണുള്ളത്. ഇടപാടുകള്‍ക്കായി ദിവസങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ ഇ-ഗവേര്‍ണന്‍സ് വഴി കഴിയുന്നുണ്ട്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.