യൂറോപ്യന്‍ കമ്പനിയില്‍ ജോലി  വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ യൂറോപ്യന്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. മലയാളികളടക്കം എണ്‍പതോളം പേരാണ് ചതിയിലകപ്പെട്ടത്. പാകിസ്താന്‍ സ്വദേശി സുബൈര്‍ ഖാലിദിനെതിരെ നിയമസഹായം തേടി ഇവര്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് ഭാരവാഹികളെ സമീപിച്ച് കത്തു നല്‍കി. 
ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, പ്ളംബര്‍, പൈപ് ഫിറ്റര്‍, പാചകക്കാര്‍ തുടങ്ങിയ തസ്തികകളില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പ്രാദേശിക പത്രത്തില്‍ പരസ്യം നല്‍കിയാണ് ആളുകളെ ആകര്‍ഷിച്ചത്. 170 ദീനാര്‍ മാത്രം നല്‍കിയാല്‍ മതിയെന്നും കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മൊല്‍ഡോവയില്‍ എത്തി രസീതി കാണിച്ചാല്‍ 130 ദീനാറിന് തുല്യമായ യൂറോ തിരിച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം. 
സാധാരണ റിക്രൂട്ട്മെന്‍റുകളെ അപേക്ഷിച്ച് കുറഞ്ഞ സേവന തുക മതിയെന്നതാണ് പലരെയും കെണിയിലകപ്പെടുത്തിയത്. ജോലിക്ക് അപേക്ഷിച്ചവര്‍ക്കായി ഇന്‍റര്‍വ്യൂവും നടത്തി. ഇന്‍റര്‍വ്യൂ സമയത്ത് കമ്പനി ഓഫിസിന്‍െറയും താമസസ്ഥലത്തിന്‍െറയും പാര്‍ക്കിങ്ങിന്‍േറതുമടക്കം ചിത്രങ്ങള്‍ കാണിച്ച് വിശ്വാസ്യത ജനിപ്പിക്കുകയും ചെയ്തു. തസ്തികക്കനുസരിച്ച് 1200നും 1800നും ഇടയില്‍ യൂറോ ശമ്പളവും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്തായിരുന്നു പരസ്യം. നിയമനം ലഭിച്ചതായി അറിയിപ്പ് ലഭിച്ചവര്‍ നിശ്ചിത ദിവസം ചെന്നപ്പോള്‍ ഓഫിസ് അടഞ്ഞുകിടക്കുന്നതായിരുന്നു കണ്ടത്. ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. മൊല്‍ഡോവയിലെ ഓഫിസ് വിലാസവും വ്യാജമായിരുന്നുവെന്ന വിവരം ഞെട്ടലോടെയാണ് ഇവര്‍ ശ്രവിച്ചത്. താഴ്ന്നവരുമാനക്കാരായ ആളുകളാണ് കബളിപ്പിക്കപ്പെട്ടവരിലധികവും. നല്ല ജോലി കിട്ടുമെന്നുറപ്പിച്ച് കടം വാങ്ങി നല്‍കിയ തുക നഷ്ടപ്പെട്ടതിന്‍െറ ആഘാതത്തില്‍നിന്ന് ഇനിയും മുക്തരായിട്ടില്ല ഇവര്‍. മാനഹാനിയും മറ്റു നൂലാമാലകളും ഭയന്ന് ആദ്യം പലരും പരാതിപ്പെടാന്‍ മടിച്ചു. നിയമസഹായമടക്കം എല്ലാ പിന്തുണയും നല്‍കാമെന്ന് വെല്‍ഫെയര്‍ കേരള ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ നിയമനടപടികള്‍ക്ക് സന്നദ്ധമായിട്ടുണ്ട്.  ഇന്ത്യന്‍ എംബസി, പാകിസ്താന്‍ എംബസി എന്നിവയുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.