മനുഷ്യക്കടത്ത് : പൊതുനിയമാവലിക്ക് ജി.സി.സി മന്ത്രിമാരുടെ അംഗീകാരം

കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട പൊതുനിയമാവലിക്ക് ജി.സി.സി നീതിന്യായ മന്ത്രിമാരുടെ അംഗീകാരം. റിയാദില്‍ നടന്ന 28ാമത് ജി.സി.സി നീതിന്യായ മന്ത്രിമാരുടെ യോഗത്തിലാണ് കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍  ഇതുസംബന്ധിച്ച ധാരണയായത്. 
തീവ്രവാദം, വര്‍ഗ വര്‍ണ വിവേചനം തുടങ്ങിയവക്കെതിരെ നിയമനിര്‍മാണം നടത്തുന്നതിനായി സംയുക്ത സമിതിക്ക് യോഗം രൂപം നല്‍കിയിട്ടുമുണ്ട്. ജി.സി.സി  ജുഡീഷ്യറികളുടെ നീതിശാസ്ത്രം എന്ന പ്രബന്ധത്തിനും നീതിന്യായരംഗത്ത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍  ഏകീകൃത സ്വഭാവം രൂപപ്പെടുത്തണമെന്ന നിര്‍ദേശത്തിനും യോഗം അംഗീകാരം നല്‍കി. 
ഓരോ ഗള്‍ഫ് രാജ്യത്തെയും നീതിവ്യവസ്ഥ പുനരവലോകനം ചെയ്യുകയും ഈ രംഗത്ത് അംഗരാജ്യങ്ങള്‍ തമ്മില്‍ സഹകരണവും ഏകീകരണവും സാധ്യമാക്കുകയുമാണ് മന്ത്രിതല യോഗം ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് നീതിന്യായ മതകാര്യവകുപ്പ് മന്ത്രി യഅ്കൂബ് അല്‍ സാനിഹ് പറഞ്ഞു. 
മനുഷ്യക്കടത്തിന് ഇരയായവരെ കണ്ടത്തൊന്‍ ഇന്‍റര്‍നാഷനല്‍ മൈഗ്രേഷന്‍ ഓര്‍ഗനൈസേഷന്‍െറ സഹായത്തോടെ കുവൈത്ത് മാന്‍പവര്‍ പബ്ളിക് അതോറിറ്റി അടുത്തിടെ അഭയകേന്ദ്രങ്ങളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടേറിയറ്റ് ഓഫ് ദ സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങ് ആന്‍ഡ് ഡെവലപ്മെന്‍റ് (ജി.എസ്.എസ്.സി.പി.ഡി) ആണ് ഇതിന്‍െറ ചെലവ് വഹിക്കുന്നത്. ഡെല്‍ഫി സാങ്കേതികവിദ്യ വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുക. യൂറോപ്യന്‍ യൂനിയനിലെ 27 രാജ്യങ്ങളില്‍ പൊലീസ്, സര്‍ക്കാര്‍ 
സമിതികള്‍, അക്കാദമിക സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുടിയേറ്റ -തൊഴില്‍ സമൂഹവുമായി ബന്ധപ്പെട്ട രാജ്യാന്തര സമിതികള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയാണ് സംവിധാനത്തിന് നേതൃത്വം നല്‍കുക.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.