ജഹ്റ റോഡ് നാളെ  തുറന്നു കൊടുക്കും

കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതരംഗത്ത് വന്‍ കുതിപ്പാവുന്ന ജഹ്റ റോഡ് വികസനപദ്ധതി പൂര്‍ത്തിയായതായും ബുധനാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് മന്ത്രി എന്‍ജി. അഹ്മദ് ഖാലിദ് അല്‍ ജസ്സാര്‍ സംബന്ധിക്കും.
 17.7 കി.മീറ്റര്‍ പാലമുള്‍പ്പെടെയുള്ള ജഹ്റ റോഡ് വികസനം രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളില്‍ ഏറ്റവും വലുതാണ്. ജഹ്റ മെയിന്‍ റോഡ് മൂന്നു ലിങ്ക് റോഡുകളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. എന്നാല്‍, ഇതില്‍ ഗസ്സാലി എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന റോഡ് ചില സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തിയായിട്ടില്ല. ബുധനാഴ്ച തുറന്നുകൊടുക്കുന്ന ആറുവരി പാതയും രണ്ട് എമര്‍ജന്‍സി ലൈനുകള്‍ ചേര്‍ന്ന എട്ടു കിലോമീറ്റര്‍ പാതയില്‍ 600 മീറ്റര്‍ ഭൂഗര്‍ഭപാതയും ഉള്‍പ്പെടുന്നതാണ്. 
അയ്യായിരത്തില്‍പരം തൊഴിലാളികളും 90ല്‍പരം എന്‍ജിനീയറിങ് സൂപ്പര്‍വൈസര്‍മാരും പദ്ധതിയുടെ ഭാഗമായി. നിലവിലുണ്ടായിരുന്ന ആറുവരി പാതയില്‍ അഞ്ഞൂറോളം തൂണുകളിലാണ് മേല്‍പാലം നിര്‍മിച്ചിരിക്കുന്നത്. ഷെറാട്ടണ്‍ റൗണ്ടബൗട്ട് (ജഹ്റ ഗേറ്റ് റൗണ്ടബൗട്ട്) മുതല്‍ യു.എന്‍ റൗണ്ടബൗട്ട് വരെയാണ് പദ്ധതിയില്‍ വരുന്നത്. അഞ്ചു ഘട്ടങ്ങളാണ് പദ്ധതിക്കുള്ളത്. ഒന്ന്: ഫസ്റ്റ് റിങ് റോഡ് (അല്‍ സാലിം പാലസ്) മുതല്‍ എയര്‍പോട്ട് റോഡ് റൗണ്ടബൗട്ട് വരെ. രണ്ട്: ഹോസ്പിറ്റല്‍ റോഡ് (അല്‍ സബ മെഡിക്കല്‍ ഡിസ്ട്രിക്റ്റ്) മുതല്‍ യു.എന്‍ റൗണ്ടബൗട്ട് വരെ. മൂന്ന്: ഗസ്സാലി റൗണ്ടബൗട്ട് മുതല്‍ ശുവൈഖ് ഹെല്‍ത്ത് റൗണ്ടബൗട്ട് വരെ. നാല്: എയര്‍പോര്‍ട്ട് റോഡ് മുതല്‍ ഗസാലി റൗണ്ടബൗട്ട് വരെ. അഞ്ച്: അല്‍ ഗസാലി റോഡ് ഇന്‍റര്‍ചേഞ്ച്. ഷെറാട്ടണ്‍ റൗണ്ട് മുതല്‍ യു.എന്‍ റൗണ്ടബൗട്ട് വരെ 45 മിനിറ്റുണ്ടായിരുന്ന യാത്രാദൈര്‍ഘ്യം എട്ടുമിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷ. പദ്ധതി പൂര്‍ണമായി തീരുമ്പോള്‍ ഷെറാട്ടണ്‍ മുതല്‍ അബ്ദലി വരെ സിഗ്നല്‍ ലൈറ്റുകളുണ്ടാവില്ല. രാജ്യത്തെ മോട്ടോര്‍വേ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പൊതുമരാമത്ത് മന്ത്രാലയത്തിന്‍െറ ആസൂത്രണത്തില്‍നിന്നാണ് ജഹ്റ റോഡ് പദ്ധതി പിറവിയെടുത്തത്. 242.4 മില്യന്‍ ദീനാര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 2011 മേയ് ഒന്നിനാണ് തുടക്കമിട്ടത്. പ്രാദേശിക ട്രാഫിക് കുറച്ച് ബൈപാസ് ട്രാഫിക് സംവിധാനമൊരുക്കുക, ട്രാഫിക് ബ്ളോക്കുകളും അപകടങ്ങളും കുറച്ച് ജഹ്റ റോഡിന്‍െറ പ്രാപ്തി വര്‍ധിപ്പിക്കുക, ഭാവിയിലെ ട്രാഫിക് ആവശ്യങ്ങള്‍ നിവര്‍ത്തിക്കുക, റോഡ് സൗകര്യങ്ങളും സേവനങ്ങളും കൂട്ടുക, റോഡ് സുരക്ഷാ നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. നിര്‍മാണ പ്രവൃത്തികള്‍ മുഴുവനായി തീര്‍ന്ന ഭാഗങ്ങള്‍ തുടര്‍ജോലികള്‍ക്ക് തടസ്സമില്ലാത്ത തരത്തില്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുകയെന്ന രീതിയാണ് സ്വീകരിച്ചുവന്നത്.
 സങ്കീര്‍ണ രീതിയിലുള്ള പാലങ്ങളും ഉയര്‍ന്ന ഹൈവേകളും നിരവധി ഇന്‍റര്‍സെക്ഷനുകളുമുള്‍ക്കൊള്ളുന്ന പദ്ധതി അടുത്ത 100 വര്‍ഷമെങ്കിലും വലിയ മാറ്റം വരുത്താത്ത രീതിയില്‍ ഉപയോഗിക്കാനാവുമെന്നും വര്‍ധിക്കുന്ന ഗതാഗതത്തെ ഉള്‍ക്കൊള്ളാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.