ഡി.എന്‍.എ പരിശോധന കുറ്റവാളികള്‍ക്ക് മാത്രം –കുവൈത്ത് അമീര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സാധാരണ പൗരന്മാരുടെ ഡി.എന്‍.എ പരിശോധിക്കില്ളെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പറഞ്ഞു. കുറ്റവാളികളുടെ ജനിതക പരിശോധന മാത്രമേ നടത്തുകയുള്ളൂ എന്ന് അല്‍ ജരീദ ദിനപത്രവുമായുള്ള അഭിമുഖത്തിലാണ് അമീര്‍ വ്യക്തമാക്കിയത്. ജനങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഗണിച്ച് ഡി.എന്‍.എ നിയമം പുനഃപരിശോധിക്കണമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അമീറിന്‍െറ നിര്‍ദേശംകൂടി പരിഗണിച്ച് പുതിയ ഡി.എന്‍.എ നിയമമുണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് പ്രഖ്യാപിച്ചിരിക്കെയാണ് സാധാരണ പൗരന്മാരുടെ ഡി.എന്‍.എ പരിശോധിക്കില്ളെന്ന് അമീര്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികളുടെ ജനിതക സാമ്പിള്‍ (ഡി.എന്‍.എ ഡാറ്റാ ബാങ്ക്) ശേഖരിക്കാനുള്ള കുവൈത്തിന്‍െറ തീരുമാനം അന്തര്‍ദേശീയ തലത്തിലും പൗരന്മാര്‍ക്കിടയിലും എതിര്‍പ്പുയര്‍ത്തിയിരുന്നു. 
ജനിതക വിവര ശേഖരണം പ്രത്യേക വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെട്ടത്. പ്രത്യേക സാഹചര്യത്തിലല്ലാതെ രാജ്യവ്യാപകമായി ഇത് നടപ്പാക്കുന്നത് പൗരന്മാരുടെ വ്യക്തിത്വത്തിനെതിരായ നീക്കമാണെന്നും ഡി.എന്‍.എ പരിശോധന നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നുമാണ് യു.എന്നിന് കീഴിലുള്ള 18 അംഗ വിദഗ്ധ സമിതി ആവശ്യപ്പെട്ടത്. സിവിലയന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിനുള്ള ബാധ്യതകള്‍ക്ക് എതിരാണ് ഡി.എന്‍.എ ഡാറ്റാബാങ്ക് സംവിധാനമെന്നാണ് സമിതി വ്യക്തമാക്കിയത്. 2015 ജൂലൈയിലാണ് സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യത്തെ എല്ലാവരില്‍നിന്നും ജനിതക സാമ്പിള്‍ ശേഖരിക്കാനുള്ള നിയമം കുവൈത്ത് പാര്‍ലമെന്‍റ് അംഗീകരിച്ചത്. 
തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരുവര്‍ഷത്തെ തടവും വിവരം നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് കുറ്റാന്വേഷണ രംഗത്ത് പ്രയോജനപ്പെടുത്തുകയാണ് നിയമം കൊണ്ട് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.  ഇമാം സാദിഖ് മസ്ജിദിലെ ചാവേര്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം ഡി.എന്‍.എ ഡാറ്റാബാങ്ക് എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. 
തീവ്രവാദിവേട്ടക്ക് പുറമെ വാഹനാപകടം, അഗ്നിബാധ, കൊലപാതകം തുടങ്ങിയ സാഹചര്യങ്ങളില്‍ അന്വേഷണം എളുപ്പമാക്കാനും ഡി.എന്‍.എ ഡാറ്റാബാങ്ക് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍െറ കണക്കുകൂട്ടല്‍. നിശ്ചിത സമയപരിധി നിശ്ചയിച്ച് നിലവില്‍ രാജ്യത്തുള്ളവരുടെയും പുതുതായി എത്തുന്ന വിദേശികളുടെയും ജനിതക മാതൃകകള്‍  ശേഖരിക്കാനാണ് പദ്ധതിയിട്ടത്. പരിശോധനക്ക് വിധേയമാകാത്തവര്‍ക്ക് ഒരു വര്‍ഷം തടവോ 10,000 ദീനാര്‍ പിഴയോ ശിക്ഷയായി നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.