വീറും വാശിയുമേറി ജിമ്മി ജോര്‍ജ് വോളി

കുവൈത്ത് സിറ്റി: ഇന്ത്യന്‍ വോളിബാള്‍ അസോസിയേഷന്‍ കുവൈത്തിന്‍െറ (ഐവാക്) ആഭിമുഖ്യത്തില്‍ മൂന്നാമത് സഫീന ജിമ്മി ജോര്‍ജ് വോളിബാള്‍ ടൂര്‍ണമെന്‍റില്‍ കുവൈത്തിലെ കളിക്കമ്പക്കാരെ ആവേശത്തേരിലേറ്റി. പഴുതടച്ച പ്രതിരോധത്തെ കീറിമുറിച്ച കിടിലന്‍ സ്മാഷുകള്‍ മത്സരത്തിന് പിരിമുറുക്കം കൂട്ടി. സഫീന മാനേജിങ് ഡയറക്ടര്‍ ജെയിംസ് മാത്യൂസ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന/ദേശീയ തലത്തില്‍ പ്രശസ്തരായ 20ലേറെ കളിക്കാരാണ് കുവൈത്തിലെ വിവിധ ക്ളബുകള്‍ക്കുവേണ്ടി കളത്തിലിറങ്ങുന്നത്. ഉദ്ഘാടനമത്സരത്തില്‍ കുവൈത്ത് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് (കെ.എസ്.എ.സി) ഒന്നിനെതിരെ മൂന്നുസെറ്റിന് സ്ട്രൈക്കേഴ്സ് അബ്ബാസിയയെ തോല്‍പിച്ചു. (സ്കോര്‍: 25–15, 22–25, 25–22, 25–16). സംസ്ഥാന-എം.ജി സര്‍വകലാശാല താരങ്ങളായ അഫ്സല്‍, ഷോണ്‍ ടി. ജോണ്‍, തമിഴ്നാടിനുവേണ്ടി കളിക്കുന്ന ജെംസണ്‍ ജോസ് എന്നിവര്‍ കേരള സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ളബിനുവേണ്ടിയും പുതുച്ചേരി താരം അഭിലാഷ് മാത്യു, കേരള സര്‍വകലാശാല താരം അരുണ്‍ രാജ്, എം.ജി സര്‍വകലാശാല താരം ഫൈസല്‍ മജീദ്, കേരള സ്കൂള്‍ ടീമിനുവേണ്ടി കളിച്ച ശരത് എന്നിവര്‍ സ്ട്രൈക്കേഴ്സിനുവേണ്ടിയും കളത്തിലിറങ്ങി. പൊരിഞ്ഞ പോരിനാണ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അഡ്വ. ജോണ്‍ തോമസ് കളിക്കാരുമായി പരിചയപ്പെട്ടു. 
ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശാന്ത മറിയ ജെയിംസ്, ഹൈഡൈന്‍ തോമസ്, എ. ഹക്കീം, സിബി കുര്യന്‍, ജോബിന്‍ തോമസ്, അലക്സാണ്ടര്‍ മാത്യു, ഉഷാ ദിലീപ്, ഷിബു ടി. ജോര്‍ജ്, രഞ്ജിത് പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. സ്കൂള്‍ കുട്ടികള്‍ക്കായുള്ള ടൂര്‍ണമെന്‍റില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളും അണ്ടര്‍ 19 വിഭാഗത്തില്‍ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളും ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളും വിജയികളായി.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.