കാലാവസ്ഥാ മാറ്റത്തിന്‍െറ വരവറിയിച്ച് പൊടിക്കാറ്റ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവസ്ഥാ മാറ്റത്തിന്‍െറ വരവറിയിച്ച് പൊടിക്കാറ്റ് ആഞ്ഞുവീശി. ബുധനാഴ്ച ഉച്ചയോടെ ശക്തമായ പൊടിക്കാറ്റാണ് രാജ്യത്ത് അനുഭവപ്പെട്ടത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ചുവീശിയ തെക്കുപടിഞ്ഞാറന്‍ കാറ്റാണ് പൊടിപടലങ്ങളുയര്‍ത്താന്‍ ഇടയാക്കിയത്. പൊടിക്കാറ്റിന്‍െറ ശക്തിയില്‍ ചില പ്രദേശങ്ങളില്‍ കാഴ്ച പരിധി 1000 മീറ്റര്‍വരെ കുറയുകയും സമുദ്രത്തിലെ തിരമാലകള്‍ ഏഴ് അടിവരെ ഉയരുകയും ചെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ച പരിധി വളരെ കുറഞ്ഞതിനാല്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. 
മുന്നിലേക്കുള്ള കാഴ്ച പരിധി കുറഞ്ഞതിനാല്‍ വാഹനം സുഗമമായി ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിക്കാതിരുന്നതാണ് റോഡുകളില്‍ വാഹനത്തിരക്ക് കൂട്ടിയത്. വേഗമുള്ള കാറ്റിന്‍െറ അകമ്പടിയോടെയാണ് കുവൈത്തിന്‍െറ അന്തരീക്ഷത്തെ പൊടിപടലം മൂടിയത്. കാലാവസ്ഥ ചൂടില്‍നിന്ന് തണുപ്പിലേക്ക് മാറുന്നതിന്‍െറ മുന്നോടിയായുള്ള ചില പ്രതിഭാസങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ പൊടിക്കാറ്റെന്ന് വിവിധ കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളിലും ഇതുപോലുള്ള അസ്ഥിരമായ കാലാവസ്ഥക്കാണ് സാധ്യത. അതോടൊപ്പം മണിക്കൂറില്‍ 25 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗമാര്‍ന്ന കാറ്റടിക്കാനും ഇടിയോടെയുള്ള മഴ പെയ്യാനും ഇടയുണ്ടെന്ന് നിരീക്ഷണമുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷ ഊഷ്മാവില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. അതിനിടെ ബുധനാഴ്ചത്തേതുപോലെ വ്യാഴാഴ്ചയും രാജ്യത്ത് പൊടിക്കാറ്റിന് സാധ്യതയുള്ളതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ യാസിര്‍ അല്‍ബലൂശി പ്രവചിച്ചു. വെള്ളിയാഴ്ച രാജ്യത്ത് മഴപെയ്യാന്‍ നേരിയ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച 15 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റടിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതുകാരണം ഇന്ന് അന്തരീക്ഷ ഊഷ്മാവില്‍ ഗണ്യമായ കുറവ് അനുഭവപ്പെടും. ഇപ്പോള്‍തന്നെ പ്രഭാതത്തില്‍ നേരിയ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടിയ ചൂട് 27 ഡിഗ്രിയും കുറഞ്ഞത് 15 ഡിഗ്രിവരെ രേഖപ്പെടുത്താനാണ് സാധ്യത. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായ നിലയിലായിരിക്കും. 
തണുപ്പ് പതിയെ കൂടി നവംബര്‍ 25 മുതല്‍ക്കായിരിക്കും രാജ്യം ശക്തമായ തണുപ്പിലേക്ക് വഴിമാറുകയെന്നും പ്രമുഖ കാലാവസ്ഥാ പ്രവചകനും ഗോളനിരീക്ഷകനുമായ ഡോ. സാലിഹ് അല്‍ഉജൈരി വ്യക്തമാക്കി. ചൂടില്‍നിന്ന് തണുപ്പിലേക്ക് കാലാവസ്ഥ മാറുന്നതിന്‍െറ ഭാഗമായി അലര്‍ജി, കഫക്കെട്ട്, തുമ്മല്‍ പോലുള്ള കാലാവസ്ഥാജന്യ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണ്. 
ഇത് കണക്കിലെടുത്ത് രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ ജാഗ്രത കൈക്കൊള്ളണമെന്ന് ഉജൈരി കൂട്ടിച്ചേര്‍ത്തു. നവംബര്‍ അവസാനത്തോടെ പ്രതിരോധ വസ്ത്രങ്ങള്‍ ധരിക്കാതെ പുറത്തിറങ്ങാനാവാത്ത സ്ഥിതി വരും. കുവൈത്ത് പൊലീസ് കഴിഞ്ഞ ദിവസം ശൈത്യകാല യൂനിഫോമിലേക്ക് മാറിയിട്ടുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.