ഗവ. ആശുപത്രികളിലെ വിദേശ നഴ്സുമാര്‍ക്കും ആഴ്ചയില്‍ രണ്ട് അവധി പരിഗണനയില്‍

കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും ജോലിചെയ്യുന്ന വിദേശി നഴ്സുമാര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം വിശ്രമദിനം അനുവദിക്കുന്നത് പരിഗണനയിലാണെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നഴ്സിങ് ദിനത്തോടനുബന്ധിച്ച് കുവൈത്ത് നഴ്സസ് ഫോറം സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സംസാരിക്കവെ ആരോഗ്യമന്ത്രാലം അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹര്‍ബിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2013 മുതല്‍ പരീക്ഷണാര്‍ഥം  മുബാറക് അല്‍കബീര്‍ ആശുപത്രിയിലെ സ്വദേശി നഴ്സുമാര്‍ക്കാണ് ആഴ്ചയില്‍ രണ്ടുദിവസം വിശ്രമദിനം ആദ്യമായി അനുവദിച്ചത്.
അവിടെ തദ്ദേശീയരായ നഴ്സുമാര്‍ രണ്ടു ദിവസത്തെ വാരാന്ത്യ അവധിയെടുക്കുന്നത് ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും കുവൈത്തി നഴ്സുമാര്‍ക്ക് ഈ ആനുകൂല്യം നല്‍കാന്‍ മന്ത്രാലയം അടുത്തിടെ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍െറ തുടര്‍ച്ചയായാണ് വിദേശി നഴ്സുമാര്‍ക്കും രണ്ടു വിശ്രമദിനം അനുവദിക്കാന്‍ ആലോചിക്കുന്നത്.
ജനങ്ങളുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെടുന്ന മേഖലയാണ് നഴ്സിങ് മേഖല എന്നതിനാല്‍ ഈ രംഗത്ത് ജോലിയെടുക്കുന്നവര്‍ക്ക് കൂടുതല്‍ അധ്വാനവും ജാഗ്രതയും എടുക്കേണ്ടിവരുന്നുണ്ട്. രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും അതുവഴി അവര്‍ക്ക് ആശ്വാസം പകര്‍ന്നുനല്‍കാനും പരിചരിക്കുന്ന നഴ്സുമാരുടെ മാനസികാവസ്ഥകൂടി പ്രധാന ഘടകമാണ്. ജോലിത്തിരക്കിനിടെ ആഴ്ചയില്‍ രണ്ടു ദിവസം അവധി ലഭിച്ചാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉന്മേഷത്തോടെ ചികിത്സാ കാര്യങ്ങളില്‍ ഇടപെടാന്‍ നഴ്സുമാര്‍ക്ക് അവസരം ലഭിക്കും.
 ഇക്കാരണങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ആശുപത്രികളിലെ 22,000 നഴ്സുമാരില്‍ സ്വദേശികള്‍ക്ക് ഈ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, സ്വദേശി നഴ്സുമാര്‍ക്ക് മാത്രം ഈ ആനുകൂല്യം നല്‍കാതെ അടുത്ത ഘട്ടങ്ങളില്‍ ജി.സി.സി രാജ്യങ്ങളിലെ നഴ്സുമാര്‍ക്കും തുടര്‍ന്ന് ബിദൂനികളായ നഴ്സ്മാര്‍ക്കും ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കുന്നത് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ഡോ. ജമാല്‍ അല്‍ഹര്‍ബി പറഞ്ഞു. പിന്നീട്, മറ്റു വിദേശ രാജ്യങ്ങളിലെ നഴ്സുമാര്‍ക്കും ഈ ആനുകൂല്യം നല്‍കിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ദിവസം മൂന്നു ഷിഫ്റ്റുകളായാണ് കുവൈത്തിലെ ആശുപത്രികളില്‍ നഴ്സുമാരുടെ ജോലി. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെ (ഏഴു മണിക്കൂര്‍), ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 10 വരെ (എട്ട് മണിക്കൂര്‍), രാത്രി 10 മുതല്‍ രാവിലെ ഏഴുവരെ (ഒമ്പത് മണിക്കൂര്‍) എന്നിങ്ങനെ. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം അഞ്ചു ദിവസങ്ങളില്‍ എട്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ പരമാവധി 40 മണിക്കൂറാണ് നഴ്സുമാരുടെ ജോലിസമയം. എന്നാല്‍, കുവൈത്തില്‍ പലപ്പോഴും ഇതിലും കൂടുതലാവുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ഓഫ് എന്നത് നടപ്പാവുകയാണെങ്കില്‍ നഴ്സുമാരുടെ ജോലിഭാരം ഏറെ കുറയും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.