ശൈഖ് സഅദ് അല്‍ അബ്ദുല്ല അല്‍സാലിം: അസ്സബാഹിന്‍െറ സ്മരണയില്‍ ഒരു ഓര്‍മദിനം കൂടി

കുവൈത്ത് സിറ്റി: പിതൃഅമീര്‍ ശൈഖ് സാദ് അല്‍അബ്ദുല്ല അല്‍സാലിം അസ്സബാഹിന്‍െറ ഓര്‍മദിനം ഒരിക്കല്‍കൂടി കടന്നുവരുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ സ്മരിക്കുകയാണ് കുവൈത്ത്. ആധുനിക കുവൈത്തിനെ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച അദ്ദേഹത്തിന്‍െറ ഏഴാമത് ചരമ വാര്‍ഷികമാണ് ഇന്ന്.
2008 മേയ് 13നാണ് ശൈഖ് സഅദ് ഇഹലോകവാസം വെടിഞ്ഞത്. 1978ല്‍ കിരീടാവകാശിയായി നിയോഗിക്കപ്പെട്ട ഇദ്ദേഹം 2003വരെ പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു.
ഈ കാലയളവിലാണ് ഇന്ന് കാണുന്ന പുരോഗതിയിലേക്ക് കുവൈത്ത് കാല്‍വെച്ചത്. പ്രധാനമന്ത്രിയുടെയും കിരീടാവകാശിയുടെയും സ്ഥാനങ്ങള്‍ വിഭജിച്ചപ്പോള്‍ 2003ല്‍ പ്രധാനമന്ത്രി പദവി ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് നല്‍കി കിരീടാവകാശിയുടെ സ്ഥാനത്ത് തുടര്‍ന്നു. 2006ല്‍ അന്നത്തെ അമീര്‍ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ വേര്‍പാടിനെ തുടര്‍ന്ന് അമീര്‍ പദവിയില്‍ അവരോധിക്കപ്പെട്ടു.
എന്നാല്‍, അനാരോഗ്യം കാരണം, ദിവസങ്ങള്‍ക്കകം സ്ഥാനമൊഴിഞ്ഞ അദ്ദേഹം പിന്നീട് പിതൃഅമീര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. സദ്ദാം ഹുസൈന്‍ കുവൈത്ത് പിടിച്ചടക്കിയപ്പോള്‍ കുവൈത്തിന്‍െറ കിരീടാവകാശിയായിരുന്നു അദ്ദേഹം. മാതൃരാജ്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അന്നത്തെ അമീര്‍ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന് കരുത്തുനല്‍കി നയതന്ത്രനീക്കങ്ങളുടെ ചുക്കാന്‍ പിടിച്ചത് ശൈഖ് സാദ് അല്‍അബ്ദുല്ല അല്‍സാലിം അസ്സബാഹ് ആയിരുന്നു. രാജ്യനിവാസികള്‍ ഏറെ വൈകാരികതയോടെയാണ് പിതൃഅമീറിനെ സ്മരിക്കുന്നത്.
അധിനിവേശത്തിന്‍െറ പ്രതിസന്ധി ഘട്ടങ്ങളില്‍ വിമോചനശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ശക്തനായ ഭരണാധികാരിയാണെന്ന് തെളിയിച്ച ശൈഖ് സാദ് അതോടൊപ്പംതന്നെ രാജ്യനിവാസികളുടെ സ്നേഹാദരങ്ങള്‍ പിടിച്ചുവാങ്ങി ജനകീയ പ്രതിച്ഛായയും നേടിയ വ്യക്തിയാണ്.
മാതൃവഴിക്ക് ഇന്ത്യയുമായി കുടുംബബന്ധമുള്ള ശൈഖ് സാദ് ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് ഏറെ വാത്സല്യം പുലര്‍ത്തിയിരുന്ന ഭരണാധികാരി കൂടിയായിരുന്നു. അവസാനനാളില്‍ അദ്ദേഹം ചെലവഴിച്ചത് ന്യൂഡല്‍ഹിയിലെ വീട്ടിലായിരുന്നുവെന്നതും ഇന്ത്യയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധമാണ് വ്യക്തമാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.