സ്കൂള്‍ ഭരണസമിതിയുടെ രാജി: പ്രതീക്ഷയോടെ രക്ഷിതാക്കളും ഇന്ത്യന്‍ സമൂഹവും

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്ന് ഭരണസമിതി (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്) രാജിവെച്ചതോടെ ശുദ്ധിക്കലശത്തിന് വഴിതെളിയുന്നു. ഭരണസമിതിക്കെതിരെ സ്പോണ്‍സര്‍ നിയമനടപടിക്ക് തുടക്കമിട്ടതോടെ പ്രതിരോധത്തിലായ അംഗങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനിന് മുമ്പാകെ രാജി സമര്‍പ്പിക്കുകയായിരുന്നു. ഇന്ത്യന്‍ എംബസി നിര്‍ദേശിക്കുന്ന ആളുകളെ ഉള്‍പ്പെടുത്തി ഭരണസമിതി പുന$സംഘടിപ്പിക്കാന്‍ ഒരുക്കമാണെന്ന് സ്പോണ്‍സര്‍ ഹസീം അല്‍ഈസ അറിയിച്ചിട്ടുണ്ട്. സ്കൂള്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടേതുതന്നെയാണെന്നും ഏറെ ക്രമക്കേടുകള്‍ നടന്നതായി മനസ്സിലായതിനാലാണ് ഭരണസമിതി മരവിപ്പിച്ചതെന്നും സ്കൂള്‍ നടത്തിപ്പ് സുതാര്യമാക്കുന്നതിനുവേണ്ടി മാത്രമാണിതെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു ഭരണസമിതി രാജി സമര്‍പ്പിച്ചത്. പൊതുസമൂഹത്തില്‍നിന്നും രക്ഷിതാക്കളില്‍നിന്നുമുയര്‍ന്ന എതിര്‍പ്പുകളെല്ലാം അവഗണിച്ച് കാലാവധി കഴിഞ്ഞും ഭരണത്തില്‍ തുടരുകയായിരുന്ന സെക്രട്ടറി ഉള്‍പ്പെടെ ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും ബുധനാഴ്ച ഇന്ത്യന്‍ എംബസിയിലത്തെിയാണ് അംബാസഡര്‍ സുനില്‍ ജെയിനിന് രാജിക്കത്ത് ¥ൈകമാറിയത്.
രാജി സ്വീകരിക്കാന്‍ സാങ്കേതികമായി തടസ്സമുള്ളതിനാല്‍ അംബാസഡര്‍ എംബസി അറ്റസ്റ്റേഷന്‍ സഹിതം രാജിക്കത്ത് സ്പോണ്‍സര്‍ ഹസീം അല്‍ഈസക്ക് കൈമാറുകയായിരുന്നു.
സ്കൂള്‍ ഭരണസമിതിക്കെതിരെ ക്രമേക്കട് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഓഡിറ്റിങ് ചുമതല നല്‍കി അഞ്ചംഗ അഡ്ഹോക് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.
അംഗങ്ങള്‍ക്ക് സ്കൂള്‍ കോമ്പൗണ്ടില്‍ കടക്കുന്നതിനടക്കം വിലക്കേര്‍പ്പെടുത്തി കോടതി ഉത്തരവും സമ്പാദിച്ചതോടെ ഭരണസമിതി വെട്ടിലായി. തുടര്‍ന്ന്, സ്പോണ്‍സറെ മാറ്റണമെന്നാവശ്യപ്പെട്ട് ഭരണസമിതി അമീറിനും പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു.
കോടതി ഉത്തരവ് പ്രകാരം അധികാരമില്ലാതായിട്ടും സ്കൂളിന്‍െറ ഒൗദ്യോഗിക ലെറ്റര്‍ഹെഡ് ഉപയോഗിച്ച് തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു എന്ന് കാണിച്ച് സ്പോണ്‍സര്‍ പരാതി നല്‍കിയതോടെ ഭരണസമിതി ചെയര്‍മാന്‍ എസ്.കെ. വാധ്വാനെ കഴിഞ്ഞദിവസം കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
കത്തയച്ചതിലും സ്കൂളിലെ മറ്റു ക്രമക്കേടുകളിലും തനിക്ക് പങ്കില്ളെന്ന് എഴുതിക്കൊടുത്തശേഷമാണ് ചെയര്‍മാനെ വിട്ടയച്ചത്. ഇതോടെ, അങ്കലാപ്പിലായ കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍ രാജിക്ക് തയാറാവുകയായിരുന്നു. എന്നാല്‍, രാജികൊണ്ടുമാത്രം ഇവര്‍ക്ക് കൈകഴുകാനാവില്ളെന്നാണ് സൂചന.
സ്കൂളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന് സ്പോണ്‍സര്‍ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇവര്‍ നടത്തുന്ന ഓഡിറ്റിങ്ങില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയാല്‍ മുന്‍ ഭരണസമിതിയിലെ നേതൃസ്ഥാനത്തിരുന്നവര്‍ക്ക് നടപടി നേരിടേണ്ടിവരുമെന്ന് സ്പോണ്‍സര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്പോണ്‍സര്‍ സ്കൂള്‍ ബലമായി പിടിച്ചെടുത്തെന്ന് പ്രചരിപ്പിച്ച് രക്ഷിതാക്കളുടെയും ഇന്ത്യന്‍ സമൂഹത്തിന്‍െറയും പിന്തുണ നേടിയെടുക്കാനുള്ള ശ്രമം വിജയം കാണാത്തതാണ് ഭരണസമിതി അംഗങ്ങള്‍ക്ക് തിരിച്ചടിയായത്. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായി കണക്കാക്കുന്ന കമ്യൂണിറ്റി സ്കൂളിന്‍െറ ഭരണവുമായി ബന്ധപ്പെട്ട് നേരത്തേയും പലതരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
കാലാവധി കഴിഞ്ഞിട്ടും പല കാരണങ്ങള്‍ പറഞ്ഞ് ഭരണത്തില്‍ തുടരുകയും ഭരണസമിതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന് ഭരണസമിതി അംഗങ്ങളടക്കം ആരോപിച്ചിരുന്നു.
30 ലക്ഷം ദീനാറോളം ബാങ്ക് ബാലന്‍സുള്ള സ്കൂളിന്‍െറ പേരില്‍ പലവിധ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി ഭരണസമിതി അംഗങ്ങള്‍ക്കും തലപ്പത്തുള്ളവര്‍ക്കുമെതിരെ ആരോപണം ഉയരുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സ്പോണ്‍സര്‍ ഇടപെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.