ദ.കൊറിയയുടെ സഹകരണത്തോടെ  കുവൈത്തില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി

കുവൈത്ത് സിറ്റി: ദക്ഷിണ കൊറിയയുടെ സഹകരണത്തോടെ കുവൈത്തില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഇതടക്കം വിവിധമേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് തെക്കന്‍ കൊറിയയിലെ കുവൈത്ത് അംബാസഡര്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹിന്‍െറ കൊറിയന്‍ സന്ദര്‍ശനത്തിന്‍െറ മുന്നോടിയായി നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. 
എന്നാല്‍, നിര്‍ദിഷ്ട സ്മാര്‍ട്ട്സിറ്റി എവിടെയായിരിക്കുമെന്നും ഏതു തരത്തിലുള്ളതായിരിക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പദ്ധതിയുടെ കരാര്‍ ഒപ്പിടുന്നതോടെ മാത്രമേ വ്യക്തമാവൂയെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നൂതനസംവിധാനങ്ങളും ആശയങ്ങളും പരസ്പരം പകര്‍ന്നുനല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക. ഇതുകൂടാതെ വിദ്യാഭ്യാസ, സാംസ്കാരിക, നിര്‍മാണമേഖലകളുമായി ബന്ധപ്പെട്ട വിവിധ കരാറുകളിലും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കും. കാന്‍സര്‍ബാധിതര്‍ക്ക് ഉള്‍പ്പെടെ കൊറിയയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രധാന ധാരണ.
 ഇതിന്‍െറ ഭാഗമായി രണ്ടു രാജ്യങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ഓരോ ആശുപത്രിയില്‍ പ്രത്യേക ഡിപ്പാര്‍ട്മെന്‍റുകള്‍ സ്ഥാപിക്കും. വാണിജ്യ, സാമ്പത്തിക, സൈനിക മേഖലകളിലും പരസ്പര സഹകരണത്തോടെ മുന്നോട്ടുപോകുമെന്ന് അംബാസഡര്‍ ജാസില്‍ മുഹമ്മദ് അല്‍ ബുദൈവി വ്യക്തമാക്കി. 
സൈനികര്‍ക്ക് ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ധാരണയുണ്ടാക്കുക. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹ് കൊറിയന്‍ തലസ്ഥാനമായ സോളിലത്തെിയിട്ടുണ്ട്. കൊറിയന്‍ പ്രധാനമന്ത്രി ഹ്വാങ് ക്യോആനുമായി ശൈഖ് ജാബിര്‍ കൂടിക്കാഴ്ച നടത്തി. ബംഗ്ളാദേശ്, വിയറ്റ്നാം എന്നിവിടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സോളിലത്തെിയ പ്രധാനമന്ത്രിക്കും സംഘത്തിനും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.