കുവൈത്ത് സിറ്റി: കുറ്റകൃത്യങ്ങള്‍ക്ക് അറുതിവരുത്തി രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്തിന്‍െറ മുഴുവന്‍ ഭാഗങ്ങളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്ന പദ്ധതി വേഗത്തിലാക്കാന്‍ ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കാന്‍ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദിനെ മന്ത്രി ചുമതലപ്പെടുത്തി.
കഴിഞ്ഞദിവസം ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്‍െറ പാര്‍ക്കിങ് ഏരിയയില്‍ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാമറ സ്ഥാപിക്കുന്ന പദ്ധതി വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഡിപ്പാര്‍ട്ട്മെന്‍റുകള്‍, ഓഫിസുകള്‍ എന്നിവയുടെ അകവും പുറവും കാമറ നിരീക്ഷണത്തിന്‍െറ പരിധിയില്‍ കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണന നല്‍കുക. മന്ത്രിസഭയും പാര്‍ലമെന്‍റും അംഗീകാരം നല്‍കിയ കാമറ പദ്ധതി നടപ്പാക്കാനായി സര്‍ക്കാര്‍ വിവിധ ഏജന്‍സികളുമായി കരാറിലത്തെിയിരുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി വ്യത്യസ്തതരം കാമറകള്‍ സ്ഥാപിക്കുന്നതിന് നാലുകോടി ദീനാറിന്‍െറ പദ്ധതിയിലാണ് കരാറിലത്തെിയത്. രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ഏറെ വര്‍ധിക്കുകയും മുമ്പത്തേതിനേക്കാള്‍ സുരക്ഷാ ഭീഷണിയുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചത്.
പൊതുസ്ഥലങ്ങളും താമസ, വാണിജ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് പ്രധാനമായും കാമറക്കണ്ണിലാവുക. ഇതോടെ, ജനങ്ങളുടെ ജീവിതം കൂടുതല്‍ സുരക്ഷിതമാവുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ആദ്യഘട്ടമെന്ന നിലയില്‍ പ്രധാനയിടങ്ങളിലായി 15 നിരീക്ഷണ കാമറകളാണ് സ്ഥാപിക്കുക. പിന്നീട് ഇവ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.
ഹോട്ടലുകള്‍, ബാങ്കുകള്‍, സ്പോര്‍ട്സ് ക്ളബുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, യൂത്ത് സെന്‍ററുകള്‍, പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, റസിഡന്‍ഷ്യല്‍ കോംപ്ളക്സുകള്‍, സ്വര്‍ണക്കടകള്‍, ആശുപത്രികള്‍, ക്ളിനിക്കുകള്‍ എന്നിവിടങ്ങളിലാണ് സുരക്ഷാ കാമറകള്‍ സ്ഥാപിക്കുക. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളാണെങ്കില്‍ അവിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കേണ്ടത് കെട്ടിട ഉടമകളാണ്.
കാമറയില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ചുരുങ്ങിയത് 120 ദിവസം വരെ സൂക്ഷിക്കാനുള്ള സംവിധാനം ഉടമകള്‍ ഉണ്ടാക്കണം. കാമറയുടെ പ്രവര്‍ത്തനങ്ങളില്‍ തിരിമറി പാടില്ല, രേഖപ്പെടുത്തിയ വിവരങ്ങള്‍ സര്‍ക്കാര്‍ അധികൃതര്‍ക്കല്ലാതെ നല്‍കാനോ പ്രസിദ്ധപ്പെടുത്താനോ പാടില്ല. ഇവ ലംഘിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാവണം കാമറ.
വ്യാപാര മേഖലകളിലെ കാമറകള്‍ അതിന്‍െറ പരിധിയിലൂടെ കടന്നുപോകുന്നവരുടെ ചിത്രം വ്യക്തതയോടെ ഒപ്പിയെടുക്കാന്‍ ശേഷിയുള്ളതായിരിക്കണം. നിരീക്ഷണ കാമറകളില്‍ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ മോഷണം, കൊലപാതകം, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ തെളിവുകളായി പരിഗണിക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.