അബ്ദുല്‍ ഹമീദ് ദശ്തിയെ ബഹ്റൈന് കൈമാറാന്‍ ഭരണഘടന അനുവദിക്കുന്നില്ളെന്ന്

കുവൈത്ത് സിറ്റി: രാജ്യത്തെ ഒരു പൗരനെ മറ്റൊരു രാജ്യത്തിന്‍െറ കോടതി നിയമം നടപ്പാക്കുന്നതിനുവേണ്ടി ആ രാജ്യത്തിന് വിട്ടുകൊടുക്കാന്‍ കുവൈത്ത്  ഭരണഘടന അനുവദിക്കുന്നില്ളെന്ന് വെളിപ്പെടുത്തല്‍. ഒരു കേസില്‍ പ്രതിയായ കുവൈത്ത് പാര്‍ലമെന്‍റംഗം അബ്ദുല്‍ ഹമീദ് ദശ്ത്തിയെ തങ്ങള്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബഹ്റൈന്‍ പ്രോസിക്യൂഷന്‍ പുറപ്പെടുവിച്ച ഉത്തരവിനോട് പ്രതികരിക്കവെ നീതിന്യായ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്‍റുണ്ടെങ്കില്‍ പോലും പ്രതി കുവൈത്തിലായിരിക്കെ അയാളെ ആ രാജ്യത്തിന് കൈമാറുന്നതിനെ രാജ്യത്തെ ഭരണഘടന വിലക്കുന്നുണ്ട്.  പ്രതി രാജ്യത്തിന് പുറത്താണെങ്കില്‍ ഇന്‍റര്‍പോള്‍ വഴി അദ്ദേഹത്തെ പിടികൂടുന്നതിനെയും കൈമാറുന്നതിനെയും ഭരണഘടന വിലക്കുന്നില്ല. അത്തരം ഘട്ടങ്ങളില്‍ സാധാരണ നിയമംതന്നെയാണ് ഇക്കാര്യത്തിലും ബാധകമാവുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കുറ്റവാളികളെ പരസ്പരം കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകളുണ്ടെങ്കിലും രാജ്യത്തിന് അതിന്‍െറ ഭരണഘടനയാണ് പ്രധാനം. ഭരണഘടനക്ക് വിരുദ്ധമായ ഒരു കാര്യം നടപ്പാക്കുന്നതും നിയമലംഘനമാണ്.

തീവ്രവാദബന്ധത്തിന്‍െറ പേരില്‍ പിടിയിലായ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ ബഹ്റൈന്‍ കോടതി അബ്ദുല്‍ ഹമീദ് ദശ്ത്തിക്ക് രണ്ടുവര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹം കുവൈത്തിലായതിനാല്‍ നിയമം നടപ്പാക്കാന്‍ ബഹ്റൈന്‍ കോടതിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച മുമ്പ് ബഹ്റൈന്‍ പ്രോസിക്യൂഷന്‍ ദശ്ത്തിയെ പിടികൂടി ഹാജരാക്കാന്‍ ഇന്‍റര്‍പോളിന് ഉത്തരവ് നല്‍കിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.