ജി.സി.സി റെയില്‍വേ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധം –കുവൈത്ത്

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ ഗതാഗത സംവിധാനത്തിന്‍െറ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിര്‍ദിഷ്ട ജി.സി.സി റെയില്‍വേ പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത് വ്യക്തമാക്കി. മറ്റു ജി.സി.സി രാജ്യങ്ങളോട് കൈകോര്‍ത്ത് ഇതിനാവശ്യമായ നടപടികള്‍ക്ക് എത്രയുംവേഗം തുടക്കമിടാന്‍ കുവൈത്ത് ഒരുക്കമാണെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അലി അല്‍ഉമൈര്‍ പറഞ്ഞു.
റിയാദില്‍ നടന്ന ജി.സി.സി പൊതുമരാമത്ത്, ഗതാഗതമന്ത്രിമാരുടെ പ്രത്യേക യോഗത്തില്‍ സംബന്ധിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ നടപ്പാക്കിയ കാര്യങ്ങളും യോഗത്തില്‍ വിശദീകരിച്ചു. കുവൈത്ത് ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് റെയില്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നത് അംഗരാജ്യങ്ങള്‍ക്കിടയിലെ യാത്രാ, ചരക്കുനീക്കത്തിന് ഏറെ എളുപ്പമാവുമെന്നും ഇതുവഴി ജി.സി.സിതലത്തില്‍ സാംസ്കാരിക, വാണിജ്യ, വ്യവസായ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാജ്യത്തിന് ആവശ്യമായ റെയില്‍വേ ഭാഗം ഓരോ രാജ്യവും നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുകയെന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജി.സി.സി റെയില്‍വേ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2018 ആരംഭത്തോടെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിന്‍െറ ഭാഗമായുള്ള കുവൈത്ത് മെട്രോ റെയില്‍ പദ്ധതിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ഗതാഗത വകുപ്പ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലക്ക് കുവൈത്തിന്‍െറ തെക്കന്‍ ഭാഗമായ നുവൈസീബ്-അല്‍ഖഫ്ജി മുതല്‍  വടക്കോട്ട് മുബാറക് അല്‍ കബീര്‍-ബൂബ്യാന്‍ ദ്വീപ്വരെയുള്ള ഭാഗമാണ് പൂര്‍ത്തിയാക്കുക.
 രണ്ടാം ഘട്ടത്തില്‍ ശുവൈഖ്, ശുഐബ തുറമുഖങ്ങളില്‍നിന്ന് ആരംഭിച്ച് ഇറാഖിന്‍െറ അതിര്‍ത്തി പ്രദേശമായ അബ്ദലിവരെ പൂര്‍ത്തിയാക്കും. ഇതോടൊപ്പം, സൗദി അതിര്‍ത്തി പ്രദേശമായ സാല്‍മിവരെയുള്ള ഭാഗവും രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി തയാറാക്കിയതെന്ന് ഹുമൈദ് അല്‍ ഖത്താന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് ഘട്ടങ്ങളിലായി 500 കിലോമീറ്ററാണ് കുവൈത്ത് മെട്രോ റെയിലിന്‍െറ നീളം കണക്കാക്കിയിരിക്കുന്നത്. നാലു റെയില്‍റോഡുകളും രണ്ട് അനുബന്ധ റെയില്‍റോഡുകളുമാണുണ്ടാവുക. ആറ് ഗവര്‍ണറേറ്റുകളിലൂടെയും കടന്നുപോകുന്ന പദ്ധതിയില്‍ 90 സ്റ്റേഷനുകളുണ്ടാവും. ഇതില്‍ ഒമ്പത് എണ്ണം ഭൂഗര്‍ഭ സ്റ്റേഷനുകളായിരിക്കും. ആദ്യ ഘട്ടത്തില്‍ മൂന്ന് റെയില്‍ റോഡുകളിലായി 200 കിലോമീറ്റര്‍ പാതയുടെ നിര്‍മാണമാണ് നടത്തുക. സല്‍വയില്‍നിന്ന് തുടങ്ങി കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ അവസാനിക്കുന്ന 23.7 കിലോമീറ്റര്‍ റെയില്‍റോഡില്‍ 19 സ്റ്റേഷനുകളും ഹവല്ലിയില്‍ തുടങ്ങി കുവൈത്ത് സിറ്റിയില്‍ തീരുന്ന 21 കിലോമീറ്റര്‍ റെയില്‍റോഡില്‍ 27 സ്റ്റേഷനുകളും, വിമാനത്താവളത്തില്‍നിന്ന് അബ്ദുല്ല അല്‍മുബാറക് വരെയുള്ള 24 കിലോമീറ്റര്‍ റെയില്‍റോഡില്‍ 15 സ്റ്റേഷനുകളുമാണുണ്ടാവുക. രാജ്യം നിലവില്‍ അഭിമുഖീകരിക്കുന്ന ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറെ സഹായകമാവും കുവൈത്ത് മെട്രോപോളിറ്റന്‍ റാപിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം പ്രോജക്ട് (കെ.എം.ആര്‍.ടി.പി) എന്ന മെട്രോ പദ്ധതിയെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ പാര്‍ട്ണര്‍ഷിപ് ടെക്നിക്കല്‍ ബ്യൂറോ (പി.ടി.ബി) ആണ് പബ്ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ് (പി.പി.പി) അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ജി.സി.സി റെയില്‍വേ പദ്ധതി  ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും.
 2,177 കി.മീ ദൈര്‍ഘ്യമുള്ള ട്രാക്കിലൂടെ യാത്രാ ട്രെയിനുകള്‍ക്കൊപ്പം ചരക്കുതീവണ്ടികളും കൂകിപ്പായും. 25 ബില്യന്‍ ഡോളര്‍ ചെലവു കണക്കാക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള അകലം ഒന്നുകൂടി കുറയും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.