സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന മൂന്നു ശതമാനം മാത്രം; ഉത്തരവ് ഉടന്‍

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ ട്യൂഷന്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഉണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ഈസ പറഞ്ഞു. 
മുന്‍ തീരുമാന പ്രകാരം വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്ന ട്യൂഷന്‍ ഫീസില്‍ മൂന്നു ശതമാനം മാത്രം വര്‍ധന അനുവദിക്കുന്ന ഉത്തരവാണ് വരുംദിവസങ്ങളിലുണ്ടാവുക. വര്‍ഷം കൂടുമ്പോള്‍ വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസില്‍ മൂന്നു ശതമാനം മാത്രം വര്‍ധന വരുത്താന്‍ സ്വകാര്യ സ്കൂള്‍ അധികൃതര്‍ക്ക് മന്ത്രാലയം നിയമപ്രകാരം അനുമതി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലെ അധികചെലവും അധ്യാപകരുടെ ശമ്പളമുള്‍പ്പെടെ വിവിധ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇതില്‍ കൂടുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു മാനേജ്മെന്‍റുകളുടെ ആവശ്യം. 
സ്വകാര്യ സ്കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം സമര്‍പ്പിച്ച കരട്  നിര്‍ദേശം പാര്‍ലമെന്‍റിലെ വിദ്യാഭ്യാസ-സാംസ്കാരിക സമിതിയുടെ പഠനത്തിലാണ്. കൂടുതല്‍ ചര്‍ച്ച ആവശ്യമുള്ളതിനാല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ഇതുവരെ ഉണ്ടായിട്ടില്ല. അതിനാലാണ് ഓരോ വര്‍ഷം കൂടുമ്പോഴും മൂന്നു ശതമാനം കണ്ട് ഫീസ് വര്‍ധിപ്പിക്കാന്‍ നേരത്തേയുള്ള അനുമതി ഉത്തരവായി പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, 2016-2017 വിദ്യാഭ്യാസ വര്‍ഷത്തില്‍ പുതുതായി അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കില്ല ഈ വര്‍ധനയെന്നും പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് രാജ്യത്തെ സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ടകാര്യത്തില്‍ പുതിയ നിയമനിര്‍മാണം ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ നിര്‍ദേശം സമര്‍പ്പിച്ചത്. 
എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള ഒൗദ്യോഗിക തീരുമാനങ്ങളില്ലാതെ തന്നെ ചില സ്വകാര്യ സ്കൂളുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കിയത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് രക്ഷിതാക്കളില്‍നിന്ന് പരാതികള്‍ ഉയര്‍ന്നപ്പോള്‍ സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി പാടേ നിര്‍ത്തിവെച്ചതായി മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.
അധിക ഫീസ് ഈടാക്കിയവര്‍ക്ക് അത് തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രാലയം നിയമം ലംഘിക്കുന്ന സ്കൂളുകളുടെ ലൈസന്‍സ് മരവിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ്, പുതിയ തീരുമാനം ഉണ്ടാകുന്നതുവരെ മൂന്നു ശതമാനം ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി പുന$സ്ഥാപിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.