തൊഴില്‍വിപണിയില്‍  ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍വിപണിയിലെ വിദേശികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാര്‍തന്നെയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു.  രാജ്യത്ത് സ്വകാര്യ, പൊതുമേഖലകളില്‍ ജോലിചെയ്യുന്ന സ്വദേശികളെയും വിദേശികളെയും സംബന്ധിച്ച കഴിഞ്ഞ നാലുമാസത്തെ സ്ഥിതിവിവര റിപ്പോര്‍ട്ട് സെന്‍ട്രല്‍ സെന്‍സസ് ബോര്‍ഡാണ് പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മൊത്തം വിദേശ തൊഴിലാളികളില്‍ 25.3 ശതമാനമാനം പേര്‍ ഇന്ത്യക്കാരാണ്. ഈജിപ്തുകാരാണ് കുവൈത്തിലെ തൊഴില്‍ സമൂഹത്തിലെ രണ്ടാമത്തെ വലിയ വിഭാഗം.  മൊത്തം തൊഴിലാളികളില്‍ 23 ശതമാനംവരും ഈജിപ്തുകാര്‍. 
ഇക്കാര്യത്തില്‍ സ്വദേശികളാണ് മൂന്നാം സ്ഥാനത്ത്. പൊതുമേഖലയിലും  സ്വകാര്യമേഖലകളിലുമായി 19.1 ശതമാനം സ്വദേശികള്‍ ജോലിചെയ്യുന്നുണ്ട്. ബംഗ്ളാദേശ്, പാകിസ്താന്‍, ഫിലിപ്പീന്‍സ്, സിറിയ, നേപ്പാള്‍, ഇറാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുളള തൊഴിലാളികളാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. അതേസമയം, രാജ്യത്ത് പൊതുമേഖലയില്‍ ജോലിചെയ്യുന്നവരില്‍ 39.1 ശതമാനം പേര്‍ ബിരുദധാരികളും 17.8 ശതമാനം പേര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുള്ളവരും 15.5 ശതമാനം പേര്‍ ബിരുദമോ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവരുമാണ്. സ്വകാര്യമേഖലയില്‍ മിഡില്‍ ക്ളാസ് സര്‍ട്ടിഫിക്കറ്റുള്ളവരാണ് കൂടുതല്‍ പേര്‍. 
ഗാര്‍ഹിക മേഖലയിലും ഇന്ത്യക്കാര്‍തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ മൊത്തം ഗാര്‍ഹിക തൊഴിലാളികളില്‍ 43.9 ശതമാനം വരും ഇന്ത്യക്കാരുടെ തോത്. 19.6 ശതമാനവുമായി ഫിലിപ്പീനാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ശ്രീലങ്ക (12.9) മൂന്നാം സ്ഥാനത്തും ബംഗ്ളാദേശ് (8.3) ഇക്കാര്യത്തില്‍ നാലാം സ്ഥാനത്തുമാണ്. ഇത്യോപ്യ, നേപ്പാള്‍, ഇന്തോനേഷ്യ, ഘാന, സോമാലിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ തൊഴിലാളികളാണ് ഗാര്‍ഹികമേഖലകളില്‍ യഥാക്രമം തുടര്‍ന്നുള്ള സ്ഥാനത്തുള്ളത്. പൊതു-സ്വകാര്യമേഖലകളില്‍ ജോലിചെയ്യുന്ന സ്വദേശികളില്‍ കൂടുതലും സ്ത്രീകളാണെന്ന കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. രണ്ടു മേഖലകളിലെയും മൊത്തം സ്വദേശികളില്‍ 55 ശതമാനം സ്ത്രീകളാണെങ്കില്‍  45 ശതമാനമാണ് സ്വദേശിപുരുഷന്മാരുടെ തോത്. 
എന്നാല്‍, വിദേശ തൊഴിലാളികളുടെ കാര്യത്തില്‍ ഇതിന് വിപരീതമാണ് അവസ്ഥ. മൊത്തം വിദേശ തൊഴിലാളികളില്‍ 89.4 ശതമാനവും പുരുഷന്മാരാണ്. വെറും 10.6 ശതമാനം വിദേശ സ്ത്രീകളാണ് രാജ്യത്തെ തൊഴില്‍വിപണിയിലുള്ളത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.