കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമടക്കം രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച് കേന്ദ്ര സെന്‍സസ് ഡിപ്പാര്‍ട്ട്മെന്‍റ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
2015 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 18,53,000 പേരാണ് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി ജോലിചെയ്യുന്നത്. ജനസംഖ്യാനുപാതികമായി സ്വദേശികളെ അപേക്ഷിച്ച് വിദേശികള്‍തന്നെയാണ് രാജ്യത്തെ തൊഴില്‍ ശക്തിയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരുള്‍പ്പെടെ 10,50,000 വിദേശികളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. എന്നാല്‍, ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണം 3,44,600 ആണ്. അതേസമയം, രാജ്യത്തെ മൊത്തം സ്വദേശികളില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതല്‍ ജോലി ചെയ്യുന്നത്. സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ സ്വദേശി പുരുഷന്മാരുടെ തോത് 10.3 ശതമാനമാണെങ്കില്‍ സ്വദേശി സ്ത്രീ തൊഴിലാളികളുടെ തോത് 54.8 ആണ്. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലായി 3,73,000 ജീവനക്കാരാണ് രാജ്യത്തുളളത്.
73.6 ശതമാനവുമായി പൊതുമേഖലയില്‍ സ്വദേശി ജീവനക്കാരാണ് കൂടുതല്‍. സര്‍ക്കാര്‍ മേഖലയിലെ വിദേശി ജീവനക്കാരുടെ തോത് വെറും 26.4 ശതമാനം മാത്രമാണ്. സ്വദേശികളും വിദേശികളുമടക്കം സ്വകാര്യമേഖലയില്‍ 10,48,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന വിദേശികളില്‍ 89.7 ശതമാനവുമായി പുരുഷന്മാരാണ് ഒന്നാം സ്ഥാനത്ത്. പതിവുപോലെ 25.8 ശതമാനവുമായി ഇന്ത്യക്കാര്‍ തന്നെയാണ് രാജ്യത്തെ തൊഴില്‍ശക്തിയില്‍ ഒന്നാംസ്ഥാനത്ത്. 23.3 ശതമാനവുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും 18.6 ശതമാനവുമായി സ്വദേശി തൊഴിലാളികള്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ബംഗ്ളാദേശ്, പാകിസ്താന്‍, ഫിലിപ്പീന്‍, സിറിയ, നേപ്പാള്‍, ഇറാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് യഥാക്രമം തൊഴില്‍ ശക്തിയില്‍ തുടര്‍ന്നുള്ള സ്ഥാനത്തുള്ളത്. പൊതുമേഖലയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുള്ളവരുടെ എണ്ണം 39.2 ശതമാനവും
സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുള്ളവര്‍ 17.6 ശതമാനവും മറ്റു ബിരുദമുള്ളവരുടെ എണ്ണം 15.5 ശതമാനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.