???????? ????? ????????

ജഹ്റയിലെ ടയര്‍ ശേഖരം കുന്നുകൂടുന്നു; നിലവിലുള്ളത് 12 ദശലക്ഷം

കുവൈത്ത് സിറ്റി: പരിസ്ഥിതിക്ക് വന്‍ ഭീഷണിയുമായി ജഹ്റയില്‍ ഉപയോഗം കഴിഞ്ഞ ടയറുകളുടെ വന്‍ കൂമ്പാരം വീണ്ടും കുന്നുകൂടുന്നു. നാലുവര്‍ഷം മുമ്പ് വന്‍ തീപിടിത്തമുണ്ടായതിനുശേഷവും കാര്യമായ പരിഹാരമാര്‍ഗമൊന്നും കാണാത്തതിനെ തുടര്‍ന്ന് ടയറുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. നിലവില്‍ 12 ദശലക്ഷം ടയറുകള്‍ ഇവിടെയുണ്ടെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ എന്‍ജി. അഹ്മദ് അല്‍മന്‍ഫൂഹി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പല പദ്ധതികളും പരിഗണനയിലുണ്ടെങ്കിലും ഒന്നും ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിയെയും ജനങ്ങളെയും ബാധിക്കാതെയുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം അറിയിച്ചു. ബഹിരാകാശത്തുനിന്നുവരെ കാണാവുന്ന രീതിയില്‍ വന്‍ ടയര്‍മല തന്നെയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. ജഹ്റ സിറ്റി, സഅദ് അബ്ദുല്ല എന്നിവിടങ്ങളില്‍നിന്ന് കിലോമീറ്ററുകള്‍ മാറി റഹിയ ഏരിയയില്‍ രൂപപ്പെട്ട് കണ്ണെത്താദൂരം പരന്നുകിടക്കുന്ന പഴയ ടയറുകളുടെ ശേഖരമുള്ളത്.
രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളില്‍നിന്നുമത്തെുന്ന ഉപേക്ഷിക്കപ്പെട്ട ടയറുകളാണ് ഇവിടെ സംഭരിക്കുന്നത്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഒൗദ്യോഗിക സംവിധാനമാണിത്. കാലങ്ങളായി രാജ്യത്തെ സ്വദേശികളും വിദേശികളുമടക്കം ഓടിച്ചുവന്ന വാഹനങ്ങളുടെ പഴക്കംചെന്ന ടയറുകള്‍ ഗാരേജുകളില്‍നിന്നും വര്‍ക്ഷോപ്പുകളില്‍നിന്നും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ മറ്റു പാര്‍ട്സുകള്‍ അങ്കാറയിലെ സ്ക്രാപ്യാഡിലേക്കാണ് പോകുന്നതെങ്കില്‍ ആര്‍ക്കും വേണ്ടാതായിമാറുന്ന ടയറുകള്‍ ഭൂമിക്ക് ഭാരമായി റഹിയയിലേക്കാണ് ഒഴുകുന്നത്. മാസത്തില്‍ ശരാശരി 80,000 ടയറുകള്‍ ഇവിടെയത്തെുന്നു എന്നാണ് കരുതപ്പെടുന്നത്.

2012ല്‍ ടയര്‍ ശേഖരത്തിന് തീപിടിച്ചപ്പോള്‍ (ഫയല്‍ ചിത്രം)
 

2012 ഏപ്രിലിലാണ് ജഹ്റയിലെ ടയര്‍ കൂമ്പാരത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. ഒരുദിവസത്തോളം കത്തിയ ശേഷമാണ് നിരവധി ഫയര്‍ യൂനിറ്റുകളുടെയും അഗ്നിശമനസേനയുടെയും പരിശ്രമത്തിലൂടെ തീയണക്കാനായത്. ടയറുകളായതിനാല്‍ അതിവേഗത്തില്‍ തീ പടര്‍ന്നതോടെ നിമിഷങ്ങള്‍ക്കകം പ്രദേശം കനത്ത പുകയില്‍ മുങ്ങിയിരുന്നു. ഈ ദുരന്തത്തിനുശേഷവും കാര്യമായ പരിഹാരമാര്‍ഗങ്ങളോ ബദല്‍ സംവിധാനങ്ങളോ ഒരുക്കാത്തത് വീണ്ടും ദുരന്ത ഭീഷണിയുയര്‍ത്തുന്നുണ്ട്.
ആ വര്‍ഷം ജൂണിനും ആഗസ്റ്റിനുമിടയില്‍ ശേഖരത്തിലെ 500 ടണ്‍ ടയറുകള്‍ മുനിസിപ്പാലിറ്റി നശിപ്പിച്ചുവെങ്കിലും അതിന് തുടര്‍ച്ചയുണ്ടായില്ല. ഭാവിയിലെ ആവശ്യം കണ്ട് ഇപ്പോഴുള്ള ഭാഗത്തോട് ചേര്‍ന്ന് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും ജഹ്റ മുനിസിപ്പാലിറ്റി ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതരരാജ്യങ്ങളിലേതുപോലെ ഉപയോഗിച്ചുകഴിഞ്ഞ ടയറുകള്‍ മറ്റ് ഉല്‍പന്നങ്ങളാക്കി മാറ്റുന്ന സംവിധാനം ഇല്ലാത്തതിനാലും നശിപ്പിക്കാനുള്ള പുതിയ രീതി സ്വീകരിക്കാത്തതിനാലുമാണ് ഇവ കുന്നുകൂടുന്നത്. പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും ടയറുകളും സാധാരണഗതിയില്‍ നശിക്കണമെങ്കില്‍ അനേകം വര്‍ഷങ്ങള്‍ വേണ്ടിവരും. പല രാജ്യങ്ങളിലും ഉപയോഗം കഴിഞ്ഞ ടയറുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ സംവിധാനങ്ങളുണ്ട്. ഓരോ വര്‍ഷവും അഞ്ചു ലക്ഷത്തോളം ടണ്‍ ടയറുകളാണ് യൂറോപ്പില്‍ റീസൈക്കിള്‍ ചെയ്യപ്പെടുന്നത്. ബ്രിട്ടനില്‍ ടയറുകളുടെ റീസൈക്ളിങ്ങിന് റെസ്പോണ്‍സിബ്ള്‍ റീസൈക്ളര്‍ സ്കീം തന്നെയുണ്ട്. മറ്റു രാജ്യങ്ങളിലും ഇതിന് സമാനമായ സംവിധാനങ്ങളുണ്ട്. എന്നാല്‍, കുവൈത്തില്‍ ഇത്തരം സംവിധാനങ്ങളൊന്നും പ്രാബല്യത്തിലായിട്ടില്ല. 2012ലെ തീപിടിത്തത്തെ തുടര്‍ന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഇത്തരം ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതുപ്രകാരം ചില വിദേശ കമ്പനികള്‍ ടയര്‍ കൂമ്പാരം സന്ദര്‍ശിച്ചിരുന്നുവെങ്കിലും ടയറുകളുടെ ആധിക്യം കാരണം ആരും ഏറ്റെടുക്കാന്‍ തയാറായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.