ഒട്ടകങ്ങള്‍ മൂലമുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: രാജ്യത്ത് ഒട്ടകങ്ങള്‍ മൂലമുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. റോഡ് മുറിച്ച് കടക്കുന്ന ഒട്ടകക്കൂട്ടങ്ങളില്‍ വാഹനമിടിച്ചുണ്ടാവുന്ന അപകടങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അബ്ദലി, കബദ്, സുബിയ്യ, മുത്ല തുടങ്ങിയ മരുപ്രദേശങ്ങളിലാണ് ഒട്ടകങ്ങള്‍ മൂലമുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി പബ്ളിക് അതോറിറ്റി ഓഫ് അഗ്രികള്‍ചര്‍ ആന്‍ഡ് ഫിഷ് റിസോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ പലപ്പോഴായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ടെങ്കിലും ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍ അതൊന്നും അറിയാറില്ളെന്നതാണ് അപകടങ്ങളുടെ തോത് വര്‍ധിപ്പിക്കുന്നത്. പലപ്പോഴും മേയ്ക്കുന്നവരുടെ ശ്രദ്ധയില്‍നിന്നകന്ന് പോവുന്ന ഒട്ടകക്കൂട്ടങ്ങളാണ് പൊടുന്നനെ റോഡുകള്‍ മുറിച്ചുകടക്കുകയും അപകടങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നത്. ഒട്ടകങ്ങള്‍ക്ക് സ്വതന്ത്രമായി മേഞ്ഞുനടക്കാവുന്ന സ്ഥലങ്ങള്‍ വ്യക്തമാക്കുന്ന മാപ്പ് അധികൃതര്‍ തയാറാക്കി ഉടമകള്‍ക്ക് കൈമാറാറുണ്ട്. ഇതുപ്രകാരമല്ലാത്തയിടങ്ങളില്‍ ഒട്ടകങ്ങളെ കണ്ടാല്‍ പിടികൂടുകയും മേയ്ക്കുന്നവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യണമെന്നാണ് നിയമം. ഒട്ടകക്കൂട്ടങ്ങള്‍ റോഡുകള്‍ മുറിച്ചുകടക്കുന്നതിനുമുമ്പായി അടുത്തുള്ള പൊലീസ് പട്രോളിങ്ങില്‍ അറിയിച്ചാല്‍ റോഡ് ബ്ളോക്ക് ചെയ്ത് സൗകര്യമൊരുക്കാറുണ്ട്. എന്നാല്‍, മേയ്ക്കുന്നവര്‍ ഇതിന് തയാറാവാറില്ല എന്നതാണ് പ്രശ്നമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ചിലപ്പോള്‍ മേയ്ക്കുന്നവര്‍ കൂടെയില്ലാത്ത അവസ്ഥയിലുമാവും ഒട്ടകങ്ങളുടെ ക്രോസിങ്. ഇതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.