ശൈഖ് ജാബിര്‍ അല്‍ അഹ്മദ്  അല്‍ ജാബിര്‍ അസ്സബാഹിന് ഓര്‍മപ്പൂക്കള്‍

കുവൈത്ത് സിറ്റി: പുതുവര്‍ഷം പിറന്നതിന്‍െറ സന്തോഷത്തിലും തൊട്ടടുത്തത്തെി നില്‍ക്കുന്ന ദേശീയ ദിനത്തിന്‍െറയും വിമോചനദിനത്തിന്‍െറയും ഭാഗമായുള്ള ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലുമാണെങ്കിലും ജനുവരി 15 കുവൈത്തിന് ദു$ഖത്തിന്‍െറ ദിനമാണ്. കാരണം, പത്തുവര്‍ഷം മുമ്പ് ഇതേ ദിവസമാണ് തങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രനായകന്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് വിടവാങ്ങിയത്. 
നാടും നാട്ടുകാരും കുവൈത്തിനെ രണ്ടാം ജന്മനാടായി കാണുന്ന വിദേശികളും ഒരുപോലെ സ്നേഹിക്കുന്ന മുന്‍ അമീറിന്‍െറ പത്താം ചരമവാര്‍ഷികം എത്തുമ്പോള്‍ മഹാനായ ഭരണാധികാരിയുടെ സ്മരണയിലാണ് രാജ്യം. മൂന്നു പതിറ്റാണ്ടോളം രാജ്യത്തെ മുന്നോട്ടുനയിച്ച ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ആധുനിക കുവൈത്തിന്‍െറ നായകന്‍ എന്ന വിളിപ്പേരിന് എന്തുകൊണ്ടും അര്‍ഹനായിരുന്നു. 1977ല്‍ രാജ്യത്തിന്‍െറ ഭരണസാരഥ്യമേറ്റെടുത്തത് മുതല്‍ നീണ്ട 28 വര്‍ഷം അമീറായിരുന്ന അദ്ദേഹത്തിന്‍െറ കാലത്താണ് സദ്ദാം ഹുസൈന്‍െറ ഇറാഖ് സൈന്യം കുവൈത്തിനെ ആക്രമിക്കുന്നത്. ആ ദശാസന്ധിയില്‍ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മധൈര്യത്തോടെയും രാജ്യത്തെ നയിച്ചതിന്‍െറ പേരിലാണ് ശൈഖ് ജാബിര്‍ എന്നും സ്മരിക്കപ്പെടുക. ലോകജനതയുടെ പിന്തുണയോടെ സദ്ദാമിന്‍െറ കരങ്ങളില്‍നിന്ന് അദ്ദേഹം രാജ്യം തിരിച്ചുപിടിക്കുകതന്നെ ചെയ്തു. ഇറാഖിന്‍െറ അതിക്രമത്തിനെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ സാധിച്ചത് ശൈഖ് ജാബിറിന്‍െറ നയതന്ത്രജ്ഞതയുടെ വിജയം കൂടിയായിരുന്നു. 
ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകവും നേതൃത്വപരവുമായ പങ്കുവഹിച്ച അദ്ദേഹം അറബ് കൂട്ടായ്മയുടെയും ശക്തനായ വക്താവായിരുന്നു. എണ്ണക്കൊഴുപ്പിന്‍െറ ബലത്തില്‍ കുവൈത്ത് സമ്പന്നമായപ്പോള്‍ അതിലൊരുവിഹിതം ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍ ദാരിദ്ര്യവും ദൈന്യതയും അനുഭവിക്കുന്നവര്‍ക്കായി മാറ്റിവെച്ച് ഒരു ഭരണാധികാരിക്കുവേണ്ട കാരുണ്യത്തിന്‍െറ മുഖം അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. കുവൈത്തില്‍ ജോലി തേടിയത്തെിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശിസമൂഹത്തെ ആദരവോടെ കണ്ട ശൈഖ് ജാബിര്‍ വിദേശിസമൂഹത്തിന്‍െറ മനസ്സിലും ഹൃദ്യമായ ഓര്‍മയാണ്. ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ ഏറ്റവുംവലിയ ഗുണമായി വാഴ്ത്തപ്പെട്ടത് ജനകീയതയാണ്. സ്വദേശികള്‍ സ്നേഹത്തോടെ അബൂമുബാറക് എന്ന് വിളിച്ചിരുന്ന അദ്ദേഹം എല്ലാവരുടെയും പ്രിയപ്പെട്ട നേതാവായിരുന്നു. കൊച്ചു കുവൈത്തിനെ ലോകത്തിന്‍െറ നെറുകെയിലേക്ക് നയിക്കാനുള്ള യത്നത്തില്‍ ഏറെ വെല്ലുവിളികള്‍ അതിജയിച്ച ചരിത്രമാണ് അദ്ദേഹത്തിന്‍േറത്. 1985 മേയ് 25ന് തന്‍െറ നേരെയുണ്ടായ വധശ്രമം അതിജീവിച്ചശേഷം അദ്ദേഹം നടത്തിയ പ്രഖ്യാപനം പ്രസിദ്ധമാണ്, ‘ഞാന്‍ ജീവിച്ചിരിക്കുന്നോ അല്ലയോ എന്നതല്ല കാര്യം. കുവൈത്ത് ഏറ്റവും ശക്തമായി നിലനില്‍ക്കുകതന്നെ ചെയ്യണം. അതാണ് മുഖ്യം’. 
അതിജീവനത്തിന്‍െറ പാതയിലൂടെ മുന്നേറുമ്പോഴും കുവൈത്തിനെ ആധുനിക ലോകത്തിനൊപ്പം കൈപ്പിടിച്ചുയര്‍ത്തുക എന്ന സ്വപ്നം കാത്തുസൂക്ഷിച്ചിരുന്ന ഭരണകര്‍ത്താവായിരുന്നു ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്. അദ്ദേഹത്തിനുശേഷം ഭരണസാരഥ്യമേറ്റ നിലവിലെ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനൊപ്പം രാജ്യത്തെ നയിക്കുന്നതും മുന്‍ അമീര്‍ വെട്ടിത്തെളിച്ച പാതയിലൂടെതന്നെ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.