രാജ്യത്തെ ബിദൂനികളുടെ  എണ്ണം 96,000

കുവൈത്ത് സിറ്റി: ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇപ്പോള്‍ രാജ്യത്ത്  96,000 ബിദൂനികളാണ് ഉള്ളതെന്ന് ബിദൂനികാര്യങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി സാലിഹ് അല്‍ ഫദ്ദാല വെളിപ്പെടുത്തി. സിവില്‍ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ 2015 ഡിസംബര്‍വരെ ഒൗദ്യോഗികമായി രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. എന്നാല്‍, ഇതില്‍ 7000 പേര്‍ വിവിധ ഘട്ടങ്ങളിലായി തങ്ങളുടെ രാജ്യങ്ങളുമായി ചേര്‍ത്ത് തിരിച്ചറിയല്‍ രേഖകള്‍ ശരിയാക്കിയിട്ടുണ്ടെന്ന് ഫദ്ദാല പറഞ്ഞു. 
ഇറാഖ് അധിനിവേശത്തിന് മുമ്പ് ബിദൂനികാര്യ ഡിപ്പാര്‍ട്ട്മെന്‍റ് രൂപവത്കരിക്കുന്നതുവരെ 2,20,000 ബിദൂനികളാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍, പിന്നീട് രാജ്യം സ്വീകരിച്ച പല നടപടികളുടെയും മറ്റും ഫലമായി ഇവരില്‍ ഭൂരിപക്ഷം ബിദൂനികളും തങ്ങളുടെ സ്വന്തം നാടുകളിലേക്ക് വേരുകള്‍ തേടിപ്പോവുകയായിരുന്നു. ഇതോടെയാണ് ഇപ്പോഴത്തെ നിലയിലേക്ക് ഈ വിഭാഗത്തിന്‍െറ എണ്ണം കുറഞ്ഞുവന്നത്. ആദ്യകാലത്ത്  ഇറാഖ്, ഇറാന്‍, സിറിയ ഉള്‍പ്പെടെ വിവിധ അറബ് മുസ്ലിം നാടുകളില്‍നിന്ന് തൊഴില്‍തേടിയും മറ്റും എത്തിയവര്‍ തിരിച്ചുപോവാതെ ഇവിടത്തന്നെ തങ്ങിയതാണ് ബിദൂനി വിഭാഗത്തിന്‍െറ പിറവിക്ക് കാരണം. ആദ്യ തലമുറയിലെ മക്കളും പേരമക്കളുമായി പിന്നീട് അവരുടെ എണ്ണം പെരുകി. ഈ വിഭാഗത്തിലെ ആളുകളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടത് കാരണം കുവൈത്തി പൗരത്വത്തിന് അര്‍ഹരായ ബിദൂനികളും ഇക്കൂട്ടത്തിലുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.