ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ്  നിരക്കും ശമ്പളവും നിജപ്പെടുത്തുന്നു

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്കും അവരുടെ ശമ്പളവും നിജപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കി. മാന്‍പവര്‍ അതോറിറ്റിയാണ് ഇതുസംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചത്. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ ഇതിന് ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് സൂചന. 
തുടര്‍ന്ന് മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതുപ്രകാരം ഇന്ത്യയില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് 160 ദീനാറാണ്. ശമ്പളം 70-85 ദീനാറും. ഫിലിപ്പീന്‍സ്: റിക്രൂട്ടിങ്ങിന് 270 ദീനാര്‍, ശമ്പളം 110-120 ദീനാര്‍, ശ്രീലങ്ക: റിക്രൂട്ടിങ്ങിന് 200 ദീനാര്‍, ശമ്പളം 70 ദീനാര്‍, ഇത്യോപ്യ, നേപ്പാള്‍, എറിത്രീയ, ഘാന, മഡഗാസ്കര്‍: റിക്രൂട്ടിങ്ങിന് 100 ദീനാര്‍, ശമ്പളം 70-80 ദീനാര്‍ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഈ റിക്രൂട്ട്മെന്‍റ് നിരക്കും ശമ്പളവും കൃത്യമായി പാലിക്കണമെന്നും അത് ലംഘിക്കുന്ന റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും ഇടനിലക്കാര്‍ക്കും ചുരുങ്ങിയത് ഒരു വര്‍ഷം തടവും 5,000 ദീനാര്‍ പിഴയും ശിക്ഷ നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്. നിലവില്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് വന്‍ നിരക്കാണ് റിക്രൂട്ടിങ് ഏജന്‍സികള്‍ (മക്തബുകള്‍) ഈടാക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വ്യത്യസ്തമായ നിരക്കാണ് നല്‍കേണ്ടിവരുന്നത്. 
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് 700 മുതല്‍ 1000 ദീനാര്‍ വരെയും ഫിലിപ്പീന്‍സില്‍നിന്നുള്ളവര്‍ക്ക് 1500 ദീനാര്‍ വരെയും ഈടാക്കാറുണ്ട്. അടുത്തിടെയായി ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള നിരക്ക് റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ വര്‍ധിപ്പിച്ചതായി സ്വദേശികളുടെ ഭാഗത്തുനിന്ന് വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ഒരു മാനദണ്ഡവുമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങള്‍ ഫീസ് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് പറഞ്ഞ സ്വദേശികള്‍ തങ്ങളെയും ഗാര്‍ഹിക തൊഴിലാളികളെയും കൊള്ളയടിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പരിചയവും ഉയര്‍ന്ന തസ്തികയിലുമുള്ള വീട്ടുവേലക്കാരികള്‍ക്ക് 120 ദീനാറാണ് ശമ്പളം നല്‍കിവരുന്നത്. ചില റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ ഉയര്‍ന്ന ദിവസ വേതനത്തിനും വേലക്കാരികളെ നല്‍കുന്നുണ്ട്. രാജ്യത്തെ മാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ ഗാര്‍ഹികത്തൊഴിലാളികളെക്കുറിച്ച് പരസ്യം നല്‍കുകയും രണ്ടുദിവസത്തെ പരിശോധനക്ക് ശേഷം വീട്ടുവേലക്കാരികളെ സ്വദേശികള്‍ അവരുടെ സ്പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുകയുമാണ് നിലവില്‍ ചെയ്യുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.