മള്‍ട്ടിപ്ള്‍ വിസ അനുവദിക്കും –ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് വിസ നിരക്കുകളില്‍ വര്‍ധനവരുത്തുന്ന കാര്യം സര്‍ക്കാറിന്‍െറ സജീവ പരിഗണനയിലാണെന്ന് ആഭ്യന്തരമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച പദ്ധതിക്ക് സാങ്കേതിക സമിതി അന്തിമരൂപം നല്‍കിവരുകയാണെന്ന് പാസ്പോര്‍ട്ട്, പൗരത്വകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് വ്യക്തമാക്കി. സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹ് സമര്‍പ്പിക്കും. വിസക്കച്ചവടത്തിന് തടയിടുക, നല്‍കുന്ന സേവനത്തിനനുസൃതമായ ഫീസ് ഈടാക്കുക എന്നീ ലക്ഷ്യങ്ങളാണ് വിസ നിരക്ക് ഉയര്‍ത്തുന്നതിന് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദഗ്ധ വിഭാഗങ്ങള്‍ക്ക് ഒരേ വിസയില്‍ പലതവണ രാജ്യത്ത് പ്രവേശിക്കാവുന്ന മള്‍ട്ടിപ്ള്‍ വിസ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ചും ഉടന്‍ തീരുമാനമുണ്ടാവുമെന്ന് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി സൂചിപ്പിച്ചു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, നിയമ ഉപദേഷ്ടാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് ഇതനുവദിക്കുക. ഒരുവര്‍ഷത്തേക്കോ കുറച്ചുമാസങ്ങള്‍ക്കോ ഇഷ്യൂ ചെയ്യുന്ന ഈ വിസയില്‍ കാലാവധിക്കിടെ എത്രതവണ വേണമെങ്കിലും രാജ്യത്തേക്ക് വരാനും പോകാനും സാധിക്കും. രാജ്യത്തെ ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക മേഖലകളുടെ പരിപോഷണത്തിനുവേണ്ടിയാണ് മള്‍ട്ടിപ്ള്‍ വിസ സംവിധാനം നടപ്പാക്കുന്നതെന്ന് ശൈഖ് മാസിന്‍ പറഞ്ഞു. രാജ്യത്തെ പൊതു, സ്വകാര്യ സര്‍വകലാശാലകളില്‍ പഠനം നടത്താനുദ്ദേശിക്കുന്ന വിദേശി വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്‍റ് വിസ അനുവദിക്കാനും പദ്ധതിയുണ്ട്. കോഴ്സുകളുടെ ദൈര്‍ഘ്യത്തിനനുസരിച്ച് ഇവര്‍ക്ക് താമസാനുമതി നല്‍കും. കോഴ്സിനുശേഷം ജോലി കണ്ടത്തെുകയാണെങ്കില്‍ ഇവര്‍ക്ക് തൊഴില്‍വിസയും അനുവദിക്കുമെന്നും ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് വ്യക്തമാക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.