2017 പകുതിയോടെ പെട്രോള്‍ വില ബാരലിന് 50-60 ഡോളറായി ഉയരും –ബുഖൈത്ത് അല്‍റുശൈദി

കുവൈത്ത് സിറ്റി: അന്താരാഷ്ട്രതലത്തില്‍ എണ്ണമേഖലയില്‍ അനുഭവപ്പെടുന്ന തകര്‍ച്ചക്ക് 2017 പകുതിയോടെ കുറവുവരുമെന്ന് കുവൈത്ത് അന്താരാഷ്ട്ര പെട്രോളിയം കമ്പനി എക്സിക്യുട്ടിവ് പ്രസിഡന്‍റ് ബുഖൈത്ത് അല്‍റുശൈദി. 
അടുത്തവര്‍ഷം പകുതിയോടെ ഒരു ബാരല്‍ പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ 50-60 ഡോളര്‍ ലഭിക്കുന്ന തരത്തില്‍ വിലക്കയറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ അന്താരാഷ്ട്ര മാര്‍ക്കറ്റിങ് ഓഫിസില്‍ ഉപഭോക്താക്കള്‍ക്കും വിവിധ പെട്രോളിയം കമ്പനി പ്രതിനിധികള്‍ക്കും നല്‍കുന്ന സ്വീകരണ പരിപാടിയുടെ ഭാഗമായി കുവൈത്ത് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ പെട്രോളിയം മേഖലയിലെ വിലക്കുറവ് ഉള്‍പ്പെടെ പ്രശ്നങ്ങളെ ആശങ്കയോടെ നോക്കിക്കാണേണ്ടതില്ല. ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയിടിവാണ് പെട്രോളിന് അടുത്തിടെ അനുഭവപ്പെടുന്നത്. എന്നാല്‍, ഇതില്‍ ഭയപ്പെടേണ്ടതില്ല. ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികളും വിപണി മെച്ചപ്പെടുന്നതിന്‍െറ സൂചനയായിട്ടുവേണം കാണാനെന്നും ബുഖൈത്ത് അല്‍ റുശൈദി സൂചിപ്പിച്ചു. ഇതുപോലുള്ള വിലക്കുറവും പ്രതിസന്ധികളും 2003, 2004 വര്‍ഷങ്ങളിലും ഉണ്ടായിരുന്നു. 
പിന്നീട് ഒറ്റയടിക്ക് വിലക്കയറ്റമുണ്ടായി എണ്ണമേഖല നിലമെച്ചപ്പെടുത്തുകയായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് പടിപടിയായായിരിക്കും പരിഹാരം കണ്ടുതുടങ്ങുക. 
ഒറ്റയടിക്ക് വില കുതിച്ചുയരുകയെന്ന അദ്ഭുതം സംഭവിച്ചില്ളെങ്കിലും ക്രമത്തില്‍ വില കൂടിക്കൊണ്ടിരിക്കുകയെന്ന പ്രതിഭാസമാണ് ഉണ്ടാവുക. 
ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പൊതുവിലും ചൈനയിലേക്ക് പ്രത്യേകിച്ചും ആവശ്യം കുറഞ്ഞതാണ് അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ പെട്രോളിന് ഇത്രക്ക് വില കുറയാന്‍ ഇടയാക്കിയത്. അതോടൊപ്പം, ചില രാജ്യങ്ങള്‍ ഉല്‍പാദനം വര്‍ധിപ്പിച്ചതും ഉപരോധം മറികടന്ന് ഇറാന്‍ കയറ്റുമതി ആരംഭിച്ചതും പുതിയ കാരണങ്ങളായിട്ടുണ്ടെന്നും ബുഖൈത്ത് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.