പുതിയ നിയമ ഭേദഗതി ബില്ലിന്  പാര്‍ലമെന്‍റ് അംഗീകാരം

കുവൈത്ത് സിറ്റി: ഇറക്കുമതി ഏജന്‍സികളുടെ കുത്തകാവകാശം എടുത്തുകളയുന്ന നിയമ ഭേദഗതിക്ക് കുവൈത്ത് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. 1965 മുതല്‍ രാജ്യത്തുള്ള ട്രേഡ് ഏജന്‍സി ബില്ലിന്‍െറ ഭേദഗതിക്കാണ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അംഗീകാരം നല്‍കിയത്. 
നാലു പതിറ്റാണ്ടിലേറെയായി രാജ്യത്ത് നിലവിലുള്ള ട്രേഡ് ഏജന്‍സി നിയമപ്രകാരമാണ് ഇറക്കുമതി ഉല്‍പന്നങ്ങളുടെ കുത്തകാവകാശം ചില കമ്പനികളും ഏജന്‍സികളും മാത്രം കൈവശംവെച്ചുപോന്നിരുന്നത്. വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ്, ന്യൂസ്പ്രിന്‍റ് തുടങ്ങി വിവിധ വിദേശനിര്‍മിത ഉല്‍പന്നങ്ങളുടെയും ഇറക്കുമതി അവകാശം നിലവില്‍  ചില പ്രത്യേക കമ്പനികളില്‍ നിക്ഷിപ്തമായിരുന്നു. ഭേദഗതി ബില്‍ നിയമമായാല്‍ സ്വദേശി ഉടമസ്ഥതയിലുള്ള ഏത് ഏജന്‍സിക്കും പ്രത്യേക ഇറക്കുമതി ലൈസന്‍സിന്‍െറ അടിസ്ഥാനത്തില്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനും വിതരണം നടത്താനും സാധിക്കും. 
 ഫ്രാഞ്ചൈസി, വിതരണ ലൈസന്‍സുകള്‍ വഴിയും വിദേശനിര്‍മിത  ഉല്‍പന്നങ്ങള്‍ രാജ്യത്തത്തെിച്ച് വിതരണം ചെയ്യാനും കമീഷന്‍ സ്വീകരിക്കാനും ഭേദഗതി ബില്‍ അനുമതി നല്‍കുന്നു. ഏജന്‍സിയുടെ ഉടമസ്ഥാവകാശം പൂര്‍ണമായോ മൊത്തം ഓഹരികളില്‍ പകുതിയിലധികമോ കുവൈത്ത് സ്വദേശിയുടെ പേരിലായിരിക്കണം എന്ന ഉപാധിയോടെയാണ് ഭേദഗതി ബില്ലിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത്. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതും ജി.സി.സി രാജ്യങ്ങളില്‍ വിതരണ നിരോധം ഇല്ലാത്തവയും ആയിരിക്കണം. ഉല്‍പന്നങ്ങളുടെ  വാറന്‍റി, മെയ്ന്‍റനന്‍സ് എന്നിവ ഇറക്കുമതി ചെയ്യുന്ന ഏജന്‍സി ഉറപ്പുവരുത്തണം, വാഹനം, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഏജന്‍റുമാര്‍ തങ്ങളുടെ ഉല്‍പന്നത്തിനാവശ്യമായ   സ്പെയര്‍പാര്‍ട്ടുകള്‍ ലഭ്യമാക്കണം തുടങ്ങിയ വ്യവസ്ഥകളും ട്രേഡ് ഏജന്‍സി ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഏത് രാജ്യത്തുനിന്നുള്ള വസ്തുക്കളായാലും വിപണനം, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ കുവൈത്ത് കോടതികളിലാകും തീര്‍പ്പുകല്‍പിക്കപ്പെടുകയെന്നും ഭേദഗതി നിഷ്കര്‍ഷിക്കുന്നു. 
വിദേശനിര്‍മിത വസ്തുക്കളുടെ വിപണിയില്‍ മത്സരത്തിനും അതുവഴി  വിലക്കുറവിനും വ്യാപാരനിയമത്തിലെ ഭേദഗതി കാരണമാകുമെന്നാണ്  വിലയിരുത്തപ്പെടുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.