ഹലാ ഫെബ്രുവരി: സംഗീതപരിപാടികള്‍  നിരോധിക്കണം –ഡോ. അഹ്മദ് മുതീഅ്

കുവൈത്ത് സിറ്റി: എണ്ണയുടെ വിലക്കുറവ് ആശങ്കയിലാക്കിയ രാജ്യത്തെ പ്രത്യേക സാഹചര്യവും ചില മുസ്ലിംനാടുകളിലെ ദു$ഖകരമായ ജീവിതസാഹചര്യവും കണക്കിലെടുത്ത് ഇപ്രാവശ്യത്തെ ഹലാ ഫെബ്രുവരി ആഘോഷങ്ങള്‍ പരിധിവിടാത്ത രീതിയിലാവാന്‍ ശ്രദ്ധിക്കണമെന്നും് സംഗീതപരിപാടികള്‍ റദ്ദാക്കണമെന്നും പാര്‍ലമെന്‍റ് അംഗം ഡോ. അഹ്മദ് മുതീഅ് ആസിമി. സാധാരണ ഹലാ ഫെബ്രുവരിയുടെ ഭാഗമായി വന്‍ തുക ചെലവഴിച്ച് സംഘടിപ്പിക്കുന്ന സംഗീതപരിപാടികള്‍ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹിനോട് എം.പി ആവശ്യപ്പെട്ടു. കുവൈത്തിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും അടിസ്ഥാന സാമ്പത്തികസ്രോതസ്സായ എണ്ണക്ക് അന്താരാഷ്ട്രവിപണിയില്‍ ഗണ്യമായ തോതില്‍ വില കുറഞ്ഞുവരുന്ന പ്രത്യേക സാഹചര്യമാണുള്ളത്. 
ഇക്കാര്യം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ദേശീയതലത്തില്‍ ചെലവുചുരുക്കല്‍ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ആവശ്യപ്പെട്ടത് അടുത്തിടെയാണ്. ഇതനുസരിച്ച് സര്‍ക്കാര്‍ ഒരുഭാഗത്ത് സാമ്പത്തിക അച്ചടക്കനടപടികള്‍ക്ക് ആഹ്വാനം ചെയ്യുമ്പോള്‍തന്നെ ഇത്തരം ആഘോഷപരിപാടികളുമായി മുന്നോട്ടുപോകുന്നത് ശരിയല്ല. അതോടൊപ്പം അറബ് മുസ്ലിം നാടുകളായ സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ആഭ്യന്തരസംഘര്‍ഷങ്ങളും യുദ്ധക്കെടുതികളും രൂക്ഷമായി തുടരുകയാണ്. ഈ നാടുകളില്‍നിന്ന് പലായനം ചെയ്ത് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ നിത്യജീവിതം മുന്നോട്ടുനയിക്കുന്നത് നമ്മെപ്പോലുള്ളവരെ ആശ്രയിച്ചാണ്. സിറിയയിലെ മദായപോലുള്ള സ്ഥലങ്ങളില്‍ ആളുകള്‍ ഭക്ഷണം കിട്ടാതെ പട്ടിണിമൂലം മരിക്കുന്ന സാഹചര്യങ്ങളില്‍ ഇത്തരം സംഗീത പാര്‍ട്ടികള്‍ നടത്തുന്നതും പരിധിലംഘിച്ച് സന്തോഷിക്കുന്നതും മതപരമായി കുറ്റകരമാണെന്ന് എം.പി സൂചിപ്പിച്ചു.  ദുരിതജീവിതം നയിക്കുന്ന ഇത്തരം ജനവിഭാഗങ്ങളോട് സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയാണ് ഇത്തരം വേളകളില്‍ ചെയ്യേണ്ടതെന്നും എം.പി അഹ്മദ് മുതീഅ് ആസിമി കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.