ഹ്യൂമന്‍ റൈറ്റ്സ്വാച്ചും ആഭ്യന്തരവകുപ്പ്  അധികൃതരും ചര്‍ച്ച നടത്തി

കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമടക്കം രാജ്യനിവാസികളുടെ ഡി.എന്‍.എ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും വളരെ സുരക്ഷിതമായ നിലയിലായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി കേണല്‍ ഖാലിദുദ്ദീന്‍ വ്യക്തമാക്കി. രാജ്യത്ത് സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ്വാച്ചിന്‍െറ മിഡിലീസ്റ്റ്-വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട മേധാവി ജോ സ്റ്റോര്‍ക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  കുറ്റവാളികളെയും കൂട്ടമരണങ്ങള്‍ക്ക് കാരണമാകുന്ന തരത്തിലുള്ള സ്ഫോടനങ്ങളിലെ പ്രതികളെയും പെട്ടന്ന് കണ്ടത്തൊനും തിരിച്ചറിയാനും ഡി.എന്‍.എ സാമ്പിളുകള്‍വഴി സാധിക്കുന്ന കാലമാണിത്. നേരത്തേതന്നെ രാജ്യനിവാസികളില്‍നിന്ന് ഇവ ശേഖരിച്ചുവെച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന റിപ്പോര്‍ട്ട് ദുരുപയോഗം ചെയ്യപ്പെടാനോ മറ്റ് ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് ലഭിക്കാനോ ഉള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. ആളുകളുടെ ഡി.എന്‍.എ സാമ്പിളുകള്‍ രേഖരിക്കാനുള്ള കുവൈത്തിന്‍െറ തീരുമാനത്തിന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ്വാച് എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അന്താരാഷ്ട്ര അംഗീകാരമുള്ള ഐ.എസ്.ഒ നിലവാരത്തിലായിരിക്കും ഡി.എന്‍.എ ഡാറ്റാബാങ്ക് നിര്‍മിക്കുകയും സൂക്ഷിക്കുകയും ചെയ്യുകയെന്ന് ഇമാദുദ്ദീന്‍ സൂചിപ്പിച്ചു. അതിനിടെ, രാജ്യത്ത് ഗാര്‍ഹികമേഖലകളില്‍ ജോലിചെയ്യുന്ന വിദേശികളുടെ അവകാശം സംരക്ഷിക്കുന്ന കാര്യത്തില്‍ കുവൈത്ത് അവസാനം കൈക്കൊണ്ട നടപടികള്‍ ശ്ളാഘനീയമാണെന്ന് ജോ സ്റ്റോര്‍ക് പറഞ്ഞു. 
പുതിയ നിയമനിര്‍മാണത്തിലൂടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും നിയമപരിരക്ഷയും ലഭിക്കുന്ന സാഹചര്യം ഇപ്പോള്‍ കുവൈത്തിലുണ്ട്. മേഖലയില്‍ ഇക്കാര്യത്തില്‍ കുവൈത്ത് നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജോ സ്റ്റോര്‍ക് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.