കുറ്റകൃത്യം തടയാന്‍ പരിശോധന  അനിവാര്യം –ആഭ്യന്തരമന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വ്യാപകമായ സുരക്ഷാപരിശോധനകള്‍ അനിവാര്യമാണെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അസ്സസബാഹ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി സുരക്ഷാപരിശോധനകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 
കുവൈത്ത് സിറ്റി ദസ്മാനില്‍ പുതിയ പൊലീസ് സ്റ്റേഷന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദ്, പൊതു സുരക്ഷാവിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ ഫത്താഹ് അലി, പബ്ളിക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ആദില്‍ അല്‍ഹശാശ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. രാജ്യത്തിന്‍െറ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അത് നിലനിര്‍ത്താന്‍വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യത്തെ ക്രമസമാധാനത്തിന് പോറലേല്‍പിക്കുന്ന ഒന്നും വെച്ചുപൊറുപ്പിക്കില്ല. 
നിയമപരമായല്ലാതെ രാജ്യത്ത് തങ്ങുന്നവരാണ് മിക്ക കുറ്റകൃത്യങ്ങള്‍ക്കും പിറകില്‍. അതുകൊണ്ടുകൂടിയാണ് ഇത്തരക്കാരെ പിടികൂടാന്‍ വ്യാപക റെയ്ഡുകള്‍ നടത്തുന്നത് -ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തെുന്നതിനുവേണ്ടി അടുത്തിടെ ആഭ്യന്തരമന്ത്രാലയം സുരക്ഷാപരിശോധനകള്‍ വ്യാപകമാക്കിയിരുന്നു. 
റെയ്ഡുകളില്‍ 20,000ത്തോളം നിയമലംഘകര്‍ പിടിയിലാവുകയും ചെയ്തു. ഇവരില്‍ പലരെയും രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് വിട്ടയച്ചുവെങ്കിലും നിയമലംഘനം വ്യക്തമായ നിരവധിപേരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ജലീബ് അല്‍ശുയൂഖ്, അര്‍ദിയ, ബനീദ് അല്‍ഗാര്‍, സുലൈബിയ, മഹ്ബൂല, ജഹ്റ, മിര്‍ഗാബ്, ഹവല്ലി, ജാബിര്‍ അലി, ഫിന്‍താസ്, ഫഹാഹീല്‍, മീന അബ്ദുല്ല, ഖൈറാന്‍, റിഖ, സബാഹിയ, ദഹ്ര്‍ തുടങ്ങിയിടങ്ങളിലെല്ലാം പരിശോധനകള്‍ അരങ്ങേറിയി
രുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.