ക്രിസ്തുമനസ്സിന്‍െറ ആവിഷ്കാരമായി രാജ്യമെങ്ങും ആഘോഷം

കുവൈത്ത് സിറ്റി: സമാധാനത്തിന്‍െറ സന്ദേശമുയര്‍ത്തി കുവൈത്തിലെങ്ങും ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിച്ചു. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയും തിരുപ്പിറവിയുടെ സന്തോഷം പങ്കിട്ട് പരസ്പരം ആശംസ നേര്‍ന്നും മധുരം നല്‍കിയും വിശ്വാസികള്‍ നിര്‍വൃതി കൊണ്ടു. തെരുവുകളും താമസയിടങ്ങളും പ്രകാശഭരിതമാക്കി താരകങ്ങള്‍ തിളങ്ങിനിന്നു. 
സൗഹാര്‍ദത്തിന്‍െറയും തെളിമയാര്‍ന്ന മാതൃകയായി മറ്റു സമുദായാംഗങ്ങളും സന്തോഷത്തില്‍ പങ്കുകൊണ്ടു. പ്രവൃത്തി ദിവസമായതിനാല്‍ പലര്‍ക്കും ജോലിക്ക് പോവേണ്ടി വന്നെങ്കിലും വൈകീട്ടോടെ ആഘോഷം സജീവമായി. പള്ളികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തീവ്രവാദഭീഷണി കണക്കിലെടുത്ത് കടുത്ത സുരക്ഷയാണ് കുവൈത്തിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ചര്‍ച്ചുകള്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. പള്ളി പരിസരങ്ങളില്‍ പൊലീസ് റോന്തുചുറ്റി. ദേവാലയങ്ങളില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചുമുതല്‍ ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും നടന്നു. രാത്രി മൂന്നുമണിക്ക് പാതിരാ കുര്‍ബാനയുണ്ടായി. പ്രവൃത്തി ദിവസമായിരുന്നതിനാല്‍ രാവിലെ ആറരക്ക് നിര്‍ത്തിവെച്ച കുര്‍ബാന വൈകീട്ട് അഞ്ചിന് പുനരാരംഭിച്ചു. 
ക്രിസ്തുവിന്‍െറ സമാധാന സന്ദേശം ലോകത്തിന് അവകാശപ്പെട്ടതാണെന്നും സമാധാനത്തിന്‍െറ ദൂതരായി എല്ലാ ക്രിസ്തുമത വിശ്വാസികളും മാറണമെന്നും പിതാക്കന്മാര്‍ ഉണര്‍ത്തി. ക്രിസ്തു പിറക്കാന്‍ കൊട്ടാരങ്ങള്‍ക്ക് പകരം പുല്‍ക്കൂട് നിമിത്തമായത് വ്യക്തമായ സന്ദേശം നല്‍കുന്നുണ്ടെന്നും ഈ സന്ദേശം ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ ബാധ്യസ്തരാണെന്നും ഉദ്ബോധനം നല്‍കപ്പെട്ടു. സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് (എല്‍ദോ പെരുന്നാള്‍) മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഡിസംബര്‍ 24ന് രാത്രി 10.30 മുതല്‍ സിറ്റി നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ രാത്രിനമസ്ക്കാരവും തുടര്‍ന്ന് തീജ്വാല ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടന്നു. ശുശ്രൂഷകള്‍ക്ക് മഹാ ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ജേക്കബ് തോമസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. 
കൂടാതെ ഇടവകയുടെ കീഴിലുള്ള അബ്ബാസിയ സെന്‍റ് ജോര്‍ജ് ചാപ്പല്‍, സാല്‍മിയ സെന്‍റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ വൈകീട്ട് ആറു മുതല്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഇടവക വികാരിയും സഹവികാരിയും നേതൃത്വം നല്‍കി. നേരത്തെ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലിത്തക്ക് സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. ജേക്കബ് തോമസ്, ട്രഷറര്‍ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോണ്‍, കുവൈത്തിലെ വിവിധ ഓര്‍ത്തഡോക്സ് ഇടവകകളിലെ വികാരിമാര്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരവേല്‍പ് നല്‍കി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.