കുവൈത്ത് സിറ്റി: രാജ്യത്തെയും മിഡിലീസ്റ്റിലെ തന്നെയും ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായി മാറിയേക്കാവുന്ന അല്‍സൂര്‍ എണ്ണശുദ്ധീകരണശലയുടെ നിര്‍മാണം 2019 അവസാനത്തോടെ പൂര്‍ത്തിയാകും. പദ്ധതിയുടെ 20 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി കുവൈത്ത് വികസന പ്ളാനിങ് കാര്യങ്ങളുമായി ബന്ധപ്പെട്ട ഉന്നത സമിതി അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറി ബദര്‍ അല്‍ രിഫാഇ പറഞ്ഞു. പ്ളാനിങ് ബോര്‍ഡ് അംഗങ്ങളുമായി പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി 2019 അവസാനത്തോടെ എണ്ണശുദ്ധീകരണം തുടങ്ങാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നിര്‍മാണ പ്രവൃത്തികളിലൊന്നായ പദ്ധതിക്കുവേണ്ടി മൊത്തം 4.8 ബില്യന്‍ ദീനാറാണ് ചെലവ് കണക്കാക്കിയിരുന്നത്. ഇതുവരെ 15 ശതമാനം ചെലവഴിച്ചുകഴിഞ്ഞു. സ്വദേശി സാങ്കേതിക വിദഗ്ധരുടെയും എന്‍ജിനീയര്‍മാരുടെയും കഴിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇതുവരെയുള്ള നിര്‍മാണ പ്രവൃത്തികളില്‍ 85 ശതമാനവും പൂര്‍ത്തിയാക്കിയത്.
വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ ലോകോത്തര നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദ എണ്ണശുദ്ധീകരണമാണ് അധികൃതര്‍ ലക്ഷ്യമാക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരമാവധി ഇല്ലാതാക്കുന്നതോടൊപ്പം ജോലിക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെ സ്വീകരിച്ചിട്ടുണ്ട്. ഒരുദിവസം ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന സംസ്കൃത എണ്ണയുടെ അളവിലും ലോകത്തെ ഏറ്റവും വലുതായിരിക്കും അല്‍ സൂര്‍ പദ്ധതിയെന്നാണ് കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.