കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ കോളമിസ്റ്റ് മുന അല്‍ ഫുസൈ വെള്ളിയാഴ്ച കുവൈത്ത് ടൈംസ് ദിനപത്രത്തില്‍ എഴുതിയ കുറിപ്പ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് അഭിമാനത്തിന് വകനല്‍കുന്നു. ‘സല്യൂട്ട് ടു ഇന്ത്യന്‍സ്’ തലക്കെട്ടില്‍ അവര്‍ എഴുതിയ കുറിപ്പില്‍ ഇന്ത്യക്കാരെ പുകഴ്ത്തിത്തീരുന്നില്ല. ‘ഞാനൊരു ഇന്ത്യക്കാരിയല്ല, എന്നാല്‍ അങ്ങനെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുന്നു’’ എന്നുപറഞ്ഞ് തുടങ്ങുന്ന ലേഖനത്തിന്‍െറ അവസാന വാചകം ‘ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഞാന്‍ ഒരു ഇന്ത്യക്കാരി ആവാന്‍ ആഗ്രഹിക്കുന്നു’ എന്നാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധവും ഇന്ത്യക്കാരുടെ സവിശേഷതകളും ഊന്നിപ്പറഞ്ഞ അവര്‍ ഇന്ത്യന്‍ പൗരന്മാര്‍ കുവൈത്തില്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാന്‍ സ്വദേശികള്‍ക്ക് കഴിയുന്നില്ളെന്ന് കുറ്റപ്പെടുത്തി. സ്വദേശി വീടുകളില്‍ ഇന്ത്യക്കാരായ ഗാര്‍ഹികത്തൊഴിലാളികളെ കണ്ടുവളര്‍ന്നവര്‍ ഇന്ത്യക്കാര്‍ ഇതിനായി ജനിച്ചതാണെന്ന പൊതുബോധത്തില്‍ എത്തുന്നു. എന്നാല്‍, മഹിതമായ പാരമ്പര്യവും സമ്പന്നമായ പൈതൃകവുമുള്ള ഒരു രാജ്യത്തിലെ പൗരന്മാരാണ് അവരെന്ന് നാം മനസ്സിലാക്കണം.
ആ രാജ്യത്തുനിന്ന് ഒരുപാട് പഠിക്കാനുണ്ട്. 180 വ്യത്യസ്ത വിഭാഗങ്ങള്‍ സ്വന്തം അസ്ഥിത്വം നിലനിര്‍ത്തി കഴിയുന്ന വിശാലമായ രാജ്യം സുന്നി, ശിയ എന്ന പേരില്‍ പരസ്പരം പോര്‍വിളിക്കുന്ന അറബ് രാജ്യങ്ങള്‍ക്ക് ഏറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. സഹിഷ്ണുതയാണ് ആ രാജ്യത്തിന്‍െറ മുഖമുദ്ര. ആദ്യകാലത്ത് ഇറങ്ങിയിരുന്ന ഇന്ത്യന്‍ സിനിമകളില്‍ അതിമാനുഷത്വവും അതിനാടകീയതയും ഉണ്ടായിരുന്നു.
രണ്ടുമൂന്ന് കാറുകള്‍ ആകാശത്തിലൂടെ പറക്കുന്നതും ഒരാള്‍ നിരവധി പേരെ അടിച്ചുനിരത്തുന്നതുമെല്ലാം കണ്ട് നാം കളിയാക്കിയിരുന്നു. ഇന്ത്യക്കാരെ പറ്റി കോമാളി പ്രതിച്ഛായ ഉണ്ടാക്കുന്നതില്‍ ഈ സിനിമകളും പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ സിനിമകളും ഏറെ മുന്നോട്ടുപോയി യാഥാര്‍ഥ്യം സംസാരിക്കുന്നു. പത്തു കൊല്ലത്തിനിടെ വന്‍ മാറ്റമാണ് ഉണ്ടായിട്ടുള്ളത്.
അതുകൊണ്ട് ജനങ്ങളേ, ദയവുചെയ്ത് നിങ്ങള്‍ പരിഹാസം നിര്‍ത്തണം -മുന അല്‍ ഫുസൈ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.