വിദേശികള്‍ക്ക് ഒന്നിലധികം  സ്ഥാപനങ്ങളില്‍ മാനേജര്‍മാരാവാം

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് ഒന്നിലധികം സ്ഥാപനങ്ങളില്‍ മാനേജര്‍ തസ്തിക വഹിക്കാന്‍ അനുമതി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍െറ അഭ്യര്‍ഥന പരിഗണിച്ചാണ് തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി സ്വകാര്യ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 
ഒരേസമയം ഒന്നില്‍ കൂടുതല്‍ കമ്പനികളുടെ ഉത്തരവാദിത്തം വഹിക്കാന്‍ വിദേശികളെ അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്. കുവൈത്ത് തൊഴില്‍ നിയമപ്രകാരം വിദേശികള്‍ക്ക് ഒരേസമയം രണ്ടു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. ഒരേ മാനേജ്മെന്‍റിന് കീഴിലുള്ള സ്ഥാപനമായാല്‍ പോലും റെസിഡന്‍സി ഏതു സ്ഥാപനത്തിന്‍െറ പേരിലാണോ അതേ സ്ഥാപനത്തില്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ നിയന്ത്രണമാണ് വിദേശി മാനേജര്‍മാരുടെ കാര്യത്തില്‍ തൊഴില്‍ മന്ത്രാലയം എടുത്തുകളഞ്ഞത്.

തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാനേജര്‍ തസ്തികയിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്ന വേളയില്‍ പുതിയ ഉത്തരവ് പിന്തുടരണമെന്ന് മാന്‍പവര്‍ റിക്രൂട്ട്മെന്‍റ് അതോറിറ്റിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനേജര്‍മാരെ നിയമിക്കുന്നതിനുള്ള ഉത്തരവാദിത്തം തൊഴിലുടമയിലോ അല്ളെങ്കില്‍ ഡയറക്ടര്‍ ബോര്‍ഡിലോ നിക്ഷിപ്തമാക്കി കുവൈത്ത് കമ്പനീസ് ആക്റ്റില്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടുത്തിടെ ഭേദഗതി നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് തൊഴിലുടമക്ക് ഒരാളെതന്നെ തന്‍െറ കീഴിലുള്ള ഒന്നിലധികം സ്ഥാപനങ്ങളുടെ മാനേജര്‍ തസ്തികയില്‍ നിയമിക്കാം. എന്നാല്‍, ഇങ്ങനെ നിയമിക്കുന്നത്   താഴില്‍ നിയമത്തിന്‍െറ ലംഘനമാകാന്‍ ഇടയുണ്ടെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് വാണിജ്യ വ്യവസായ മന്ത്രാലയം തൊഴില്‍ മന്ത്രാലയത്തോട്  നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.