കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ നവീകരണ പ്രവൃത്തികള്‍ അടുത്ത വ്യാഴാഴ്ച ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. രണ്ടാം യാത്രാ ടെര്‍മിനലിനുവേണ്ട സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായതോടെയാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. തുര്‍ക്കിയിലെ ലിമാക് കണ്‍സ്ട്രക്ഷനും കുവൈത്തിലെ ഖറാഫി ഇന്‍റര്‍നാഷനലും ചേര്‍ന്നുള്ള കണ്‍സോര്‍ട്യമാണ് 131 കോടി ദീനാര്‍ ചെലവില്‍ വിമാനത്താവള വികസനം പൂര്‍ത്തിയാക്കുക.
ഇതുസംബന്ധിച്ച കരാറില്‍ കഴിഞ്ഞ മേയിലാണ് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയവും കണ്‍സോര്‍ട്യം പ്രതിനിധികളും ഒപ്പുവെച്ചത്. കരാര്‍ പ്രകാരം പദ്ധതി പൂര്‍ത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവര്‍ഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും. നിലവില്‍ 50 ലക്ഷം യാത്രക്കാരാണ് പ്രതിവര്‍ഷം വിമാനത്താവളം വഴി യാത്ര നടത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ യാത്ര-ചരക്ക് നീക്കങ്ങള്‍ക്കും മതിയായ സുരക്ഷാക്രമീകരണങ്ങള്‍ക്കും വന്‍ തടസ്സമാണ് ഇപ്പോഴുള്ളത്. ആധുനികരീതിയിലുള്ള വിമാനത്താവളത്തിന്‍െറ നവീകരണത്തിന് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത ഡിസൈനര്‍മാരായ ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്ണേഴ്സ് ആണ് രൂപരേഖ തയാറാക്കിയത്. 1.2 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തില്‍ മൂന്നു ടെര്‍മിനലുകളാണ് നവീകരണഭാഗമായി നിര്‍മിക്കുന്നത്. ഒരൊറ്റ മേല്‍ക്കുരക്കുകീഴിലായിരിക്കും ഈ ടെര്‍മിനലുകള്‍. 25 മീറ്റര്‍ ഉയരമുള്ള സെന്‍ട്രല്‍ സ്പേസാണ് ടെര്‍മിനലിനുണ്ടാവുക. 4,500 കാറുകള്‍ക്ക് നിര്‍ത്തിയിടാന്‍ കഴിയുന്ന ബഹുനില പാര്‍ക്കിങ് സമുച്ചയം, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കുള്ള ബജറ്റ് ഹോട്ടല്‍, വിശാലമായ അറൈവല്‍-ഡിപ്പാര്‍ച്ചര്‍ ഹാളുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുമുണ്ടാവും. നവീകരണം പൂര്‍ത്തിയാവുമ്പോള്‍ 51 പുതിയ എയര്‍ക്രാഫ്റ്റ് ഗേറ്റുകളാണുണ്ടാവുക. ഇതില്‍ 21 എണ്ണം എയര്‍ബസ് 380 ഇനത്തില്‍പെട്ട വലിയ വിമാനങ്ങള്‍ക്കുകൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.