യു.എന്‍ രക്ഷാസമിതി താല്‍ക്കാലിക അംഗത്വത്തിന് കുവൈത്തിന് നാമനിര്‍ദേശം

കുവൈത്ത് സിറ്റി: 2018-2019 കാലയളവില്‍ നടക്കുന്ന യു.എന്‍ സമ്പൂര്‍ണ സമ്മേളന കാലത്തേക്ക് ഏഷ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യം വഹിച്ച് സംബന്ധിക്കാന്‍ കുവൈത്തിന് വ്യാപക പിന്തുണ.
 ഇന്ത്യയുള്‍പ്പെടുന്ന വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കും പസഫിക് രാജ്യങ്ങളും കുവൈത്തിന്‍െറ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ യു.എന്‍ രക്ഷാസമിതിയിലേക്ക് കുവൈത്ത് താല്‍ക്കാലികമായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. ഐക്യരാഷ്ട്ര സമിതിയിലെ കുവൈത്തിന്‍െറ സ്ഥിരം പ്രതിനിധി അംബാസഡര്‍ മന്‍സൂര്‍ ഇയാദ് അല്‍ ഉതൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 ജൂണിലാണ് യു.എന്‍ രക്ഷാസമിതിയുടെ താല്‍ക്കാലിക അംഗത്വത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കുക.
ഏഷ്യന്‍ മേഖലയില്‍നിന്ന് ഈ സീറ്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഏക രാജ്യമായി കുവൈത്ത് മാറി. സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഇല്ലാതാക്കി ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് തങ്ങള്‍ക്കുകൂടി യോജിപ്പുള്ള തീരുമാനങ്ങളെടുക്കാന്‍ സാധ്യമാകുമെന്ന മറ്റു രാജ്യങ്ങളുടെ വിശ്വാസമാണ് കുവൈത്തിന് ഏഷ്യന്‍ മേഖലയുടെ പ്രാതിനിധ്യം ലഭിക്കാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളുടെയും പസഫിക് രാജ്യങ്ങളുടെയും അംഗീകാരത്തിന് മുമ്പ് ജി.സി.സി, അറബ് ലീഗ്, ഒ.ഐ.സി എന്നീ സംഘടനകള്‍ കുവൈത്തിന്‍െറ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മുമ്പ് 1978- 1979 കാലത്താണ് കുവൈത്ത് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ അംഗമായിരുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.