വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ്: സര്‍ക്കാര്‍ കമ്പനി രൂപവത്കരിക്കുന്നു

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റിനായി സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ കമ്പനി രൂപവത്കരിക്കുന്നു.
 രാജ്യത്തെ കോഓപറേറ്റിവ് സൊസൈറ്റികള്‍ക്ക് 60 ശതമാനം, പബ്ളിക് അതോറിറ്റി ഫോര്‍ ഇന്‍വെസ്റ്റ്മെന്‍റ്, കുവൈത്ത് എയര്‍വേയ്സ്, അമീരി ദിവാന്‍, സാമൂഹിക സുരക്ഷക്കുള്ള പബ്ളിക് അതോറിറ്റി എന്നിവക്ക് പത്തു ശതമാനം വീതം എന്നിങ്ങനെയായിരിക്കും നിക്ഷേപ പങ്കാളിത്തം. ഈ വര്‍ഷംതന്നെ പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. അല്‍ ഷാല്‍ ഇക്കണോമിക് കണ്‍സല്‍ട്ടേഷന്‍ എന്ന കമ്പനിയെയാണ് സാധ്യതാപഠനത്തിന് ഏല്‍പിച്ചിട്ടുള്ളത്. ഇവര്‍ ഏതാനും ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രാഥമിക റിപ്പോര്‍ട്ട് പബ്ളിക് അതോറിറ്റി ഫോര്‍ ഇന്‍വെസ്റ്റ്മെന്‍റിന് സമര്‍പ്പിച്ചിരുന്നു. ഇവര്‍ ഏതാനും തിരുത്തല്‍ നിര്‍ദേശങ്ങളോടെ തിരികെ സമര്‍പ്പിച്ചു. ഇതുകൂടി പരിഗണിച്ച് അവസാന മിനുക്കുപണികളിലാണ് കണ്‍സല്‍ട്ടിങ് കമ്പനി. പാര്‍ലമെന്‍റ് അംഗം കാമില്‍ അവദിയാണ് നിയമാനുസൃതമായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനി സ്ഥാപിക്കണമെന്ന് നിര്‍ദേശം സമര്‍പ്പിച്ചത്. റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ അമിതമായി പണം ഈടാക്കുന്നതായി പരാതി
വ്യാപകമായതും കമ്പനി രൂപവത്കരണത്തിന് പ്രേരണയായിട്ടുണ്ട്. 1200 മുതല്‍ 1500 ദീനാര്‍ വരെ ഈടാക്കുന്നുവെന്നാണ് ആക്ഷേപം. ഇതിന്‍െറ മൂന്നിലൊന്നില്‍ താഴെ മാത്രമേ ചെലവു വരുന്നുള്ളൂ.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.