തിളക്കുന്ന ചൂടിന്‍െറ നിസ്സഹായതയില്‍ ആടുജീവിതങ്ങളായി ചിലര്‍

കുവൈത്ത് സിറ്റി: എക്കാലത്തെയും കടുത്ത ചൂടില്‍ രാജ്യം ചുട്ടുപൊള്ളുമ്പോള്‍ മരുഭൂമിയുടെ വിജനതയില്‍ ആടുകളെ മേക്കുന്നവര്‍ക്ക് ദുരിത ജീവിതം. കാക്കത്തണല്‍പോലും ഇല്ലാത്ത മരുഭൂമിയില്‍ ആടുകളെ മേയ്ക്കുന്ന ഇവരുടെ അവസ്ഥ ശീതീകരിച്ച കാറില്‍ അല്‍പദൂര യാത്രപോലും അസഹ്യമായി തോന്നുന്നവര്‍ക്ക് ചിലപ്പോള്‍ മനസ്സിലായേക്കില്ല. കൊടുംവെയിലില്‍ കമ്പിവേലി കെട്ടിത്തിരിച്ച സ്ഥലത്ത് വലിയ ടെന്‍റുകള്‍ക്കിടയില്‍ ലഭിക്കുന്ന ചെറുതണല്‍ ഇവര്‍ക്ക് എപ്പോഴും അനുഭവിക്കാനുള്ളതല്ല. മുഷിയാത്ത വസ്ത്രങ്ങളില്‍ ഇവരെ കാണാന്‍ കഴിയുന്നത് അപൂര്‍വം.
മേഖലയിലെ കൊടുംചൂടാണ് തങ്ങളുടെ തലക്കുമുകളിലേതെന്ന വസ്തുതയൊന്നും ഈ പാവങ്ങളെ ബാധിക്കുന്നേയില്ല. കത്തുന്ന പൊടിയും മണലും വകവെക്കാതെ ആടുകളെ മേക്കലാണിവരുടെ ജോലി. കത്തുന്ന ചൂടിനിടയിലെ ഇവരുടെ സൗഹൃദത്തിന് ഇഴയടുപ്പം ഏറെ വലുതാണ്.  പാകിസ്താനിയെന്നും ബംഗ്ളാദേശിയെന്നും സുഡാനിയെന്നും വ്യത്യാസമില്ലാതെ സ്നേഹം പങ്കുവെക്കുന്നു, സങ്കടം പറഞ്ഞുതീര്‍ക്കുന്നു. ഒരുപാട് പ്രതീക്ഷകളോടെ വീടുവിട്ടിറങ്ങിയ ഇവരില്‍ പലര്‍ക്കും തങ്ങള്‍ക്ക് ആടുജീവിതം നയിക്കാനാണ് വിധിയെന്ന് അറിയില്ലായിരുന്നു. വീട്ടുജോലിക്കും കടകളിലേക്കും എന്നൊക്കെ പറഞ്ഞ് കൊണ്ടുവന്നതാണ് പലരെയും. ചിലര്‍ ഇപ്പോള്‍ പങ്കുകച്ചവടം ചെയ്യുന്നു.
ലാഭത്തിന്‍െറ നിശ്ചിത ഭാഗം തങ്ങള്‍ക്കും ബാക്കി സ്പോണ്‍സര്‍ക്കും എന്ന രീതിയില്‍. ഇതാണ് ഇവര്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ പ്രമോഷന്‍. കുവൈത്തില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് പൂര്‍വാര്‍ധഗോളത്തിലെ ഏറ്റവും കൂടിയ താപനിലയാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി പ്രത്യേക പഠനസമിതി രൂപവത്കരിക്കുമെന്ന് യു.എന്‍ കാലാവസ്ഥാ ഏജന്‍സിയും അറിയിച്ചു. മത്രിബയില്‍ ജൂലൈ 14ന് രേഖപ്പെടുത്തിയ 54  ഡിഗ്രി സെല്‍ഷ്യസ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതുവരെ അനുഭവപ്പെട്ടതില്‍ ഏറ്റവും കൂടിയ ചൂടാണ്. 1913ല്‍ കാലിഫോര്‍ണിയയിലെ ഫര്‍നെയിസ് ക്രീക്കില്‍ അനുഭവപ്പെട്ട 56.7 ഡിഗ്രി സെല്‍ഷ്യസ് ആണ് ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടിയ താപനില. ബുധനാഴ്ച 49 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.
ഓരോ വര്‍ഷവും ചൂട് കൂടിവരുകയാണ്. ഇത് തുടര്‍ന്നാല്‍ ഏതാനും ദശകങ്ങള്‍ക്കപ്പുറം ഇവിടെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഈ വിലയിരുത്തലുകളൊന്നും ഒരുപക്ഷേ ആടുജീവിതങ്ങള്‍ അറിയുന്നുണ്ടാവില്ല. വാര്‍ത്താമാധ്യമങ്ങളൊന്നും കാണാതെ അവര്‍ ദുരിതത്തോട് പടപൊരുതുകയാണ്. വീട്ടില്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന കുടുംബത്തെ ജീവിപ്പിക്കാന്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.