കുവൈത്ത് സിറ്റി: പ്രവാസി ബാച്ലര്‍മാര്‍ക്ക് മാത്രമായി റെസിഡന്‍ഷ്യല്‍ സിറ്റി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അസ്സബാഹ് അഭിനന്ദിച്ചു.
കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും കൂടുതല്‍ നടക്കുന്നത് ബാച്ലര്‍മാര്‍ തിങ്ങിത്താമസിക്കുന്നയിടങ്ങളിലാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ കുടുംബങ്ങളുടെ സാമൂഹിക സുരക്ഷിതത്വം വര്‍ധിക്കാന്‍ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ രൂപരേഖയും നിര്‍മാണച്ചെലവും തിട്ടപ്പെടുത്തിയ ശേഷം ആഭ്യന്തരമന്ത്രാലയത്തിലെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. പ്രദേശത്തെ ഒരുലക്ഷം കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട തൊഴിലാളി സിറ്റിക്ക് 28 മില്യന്‍ ദീനാറാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ തീരുന്നതോടെ പ്രാരംഭഘട്ടത്തില്‍ 8400 വിദേശ തൊഴിലാളികള്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യമാണ് യാഥാര്‍ഥ്യമാകുക.
വിദേശ തൊഴിലാളികള്‍ക്കായി സബ്ഹാനിലൊരുങ്ങുന്ന സിറ്റിയിലേതുപോലുള്ള എല്ലാ സൗകര്യങ്ങളുമുള്ള പാര്‍പ്പിട സമുച്ചയമായിരിക്കും ശദാദിയയിലും ഒരുങ്ങുക. പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന വിദേശി തൊഴിലാളികളില്‍ സാധ്യമാകുന്നവരെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.