കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍നിന്ന് ലഭിച്ച തൊഴില്‍ പരാതികളുടെ 87 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന്. 55119 പരാതികളാണ് ഒമ്പതുരാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലഭിച്ചത്. ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ പരാതികള്‍. ഇന്ത്യന്‍ മിഷന്‍ വഴി ലഭിച്ച തൊഴില്‍ പരാതികളില്‍ കുവൈത്ത് മൂന്നാംസ്ഥാനത്താണ്. 11,195 ഇന്ത്യന്‍ തൊഴിലാളികളാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കുവൈത്തില്‍ തൊഴില്‍ പ്രശ്നം നേരിടുന്നതായി കാണിച്ച് ഇന്ത്യന്‍ മിഷന്‍ വഴി അധികൃതര്‍ക്ക് പരാതി നല്‍കിയത്. 2016 ജൂലൈ 20ന് വിദേശകാര്യ മന്ത്രാലയം ലോക്സഭയുടെ മേശപ്പുറത്ത് വെച്ച കണക്കനുസരിച്ചാണിത്. 13,624 പരാതി ലഭിച്ച ഖത്തറാണ് മുന്നില്‍. തൊട്ടുപിന്നില്‍ സൗദി അറേബ്യ (11,195). ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്ത് കൂടുതല്‍ പരാതിയുയര്‍ന്നത് മലേഷ്യയില്‍നിന്നാണ് (6346). ശമ്പളം മുടങ്ങുന്നത്, വൈകുന്നത്, കുറഞ്ഞ വേതനം, ജോലിഭാരം, മോശം ജീവിതസാഹചര്യം, ശാരീരികമായ കൈയേറ്റം, വിസയും തൊഴില്‍കാര്‍ഡും പുതുക്കിനല്‍കാതിരിക്കല്‍, അവധി അനുവദിക്കാതിരിക്കല്‍, കരാര്‍ കാലാവധി കഴിഞ്ഞിട്ടും വിമാന ടിക്കറ്റ് അനുവദിക്കാതിരിക്കല്‍ പാസ്പോര്‍ട്ടും വിസയും തടഞ്ഞുവെക്കല്‍ തുടങ്ങിയ പരാതികളാണ് ലഭിച്ചത്. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, 2015 ഡിസംബര്‍ നാലിലെ കണക്കനുസരിച്ച് ഗള്‍ഫ് നാടുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍നിന്ന് തൊഴിലുടമകളുടെ പീഡനം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികള്‍ വന്നത് കുവൈത്തില്‍നിന്നായിരുന്നു. എന്നാല്‍, സൗദിയിലും കുവൈത്തിലും ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടുമെന്ന് കഴിഞ്ഞദിവസം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു. സൗദിയിലാണ് ഇന്ത്യന്‍ തൊഴിലാളികള്‍ ഏറെ ദുരിതമനുഭവിക്കുന്നതെന്നും കുവൈത്തിലെ പ്രശ്നം എളുപ്പം പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ ഇതോടൊപ്പം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.