കുവൈത്ത് സിറ്റി: രാജ്യത്തെ പ്രത്യേക സാമ്പത്തിക സാഹചര്യം മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തങ്ങളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എണ്ണമേഖല ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് മൂന്നു ദിവസം പിന്നിട്ടു. വിവിധ തൊഴിലാളി യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പണിമുടക്കില്‍ സ്വദേശി ജീവനക്കാര്‍ മുഴുവന്‍ പങ്കെടുക്കുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്കരണ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ എണ്ണമേഖലയിലെ 20,000 ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ എണ്ണമേഖലയിലെ കമ്പനികളുടെ ഉത്തരവാദിത്തം വഹിക്കുന്ന കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെ.പി.സി) തീരുമാനിച്ചിരുന്നു. ‘സ്ട്രാറ്റജിക് ആള്‍ട്ടര്‍നേറ്റിവ് ലോ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പായാല്‍ എണ്ണമേഖലയിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഗണ്യമായി കുറയും. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതര മേഖലകളെ അപേക്ഷിച്ച് രാജ്യത്ത് എണ്ണമേഖലകളില്‍ ജോലിചെയ്യുന്നവരുടെ സേവന, വേതന ആനുകൂല്യങ്ങളുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. മറ്റു ജോലികളെ അപേക്ഷിച്ച് തൊഴിലാളിയുടെ ജീവനും ആരോഗ്യസുരക്ഷയും ഏറെ ഭീഷണിനേരിടുന്നത് എണ്ണമേഖലയിലാണ്. 1979 മുതല്‍ നിയമപരമായി തങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ അവകാശങ്ങളിലും പ്രത്യേക ആനുകൂല്യങ്ങളിലും കുറവുവരുത്താനുള്ള തീരുമാനങ്ങളെ ശക്തമായി എതിര്‍ക്കുമെന്നാണ് ജീവനക്കാരുടെ നിലപാട്.
പണിമുടക്ക് രാജ്യത്തെ എണ്ണയുല്‍പാദനത്തെ ബാധിച്ചിട്ടില്ളെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നതെങ്കിലും പ്രതിദിന ക്രൂഡ് ഓയില്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ശരാശരി പ്രതിദിനം 30 ലക്ഷം ബാരല്‍ ഉല്‍പാദിപ്പിക്കുന്നത് പണിമുടക്ക് തുടങ്ങിയതോടെ 11 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. മൂന്നാം ദിവസമായ ചൊവ്വാഴ്ച ഉല്‍പാദനം 15 ലക്ഷം ബാരലായിരുന്നുവെന്ന് കെ.എന്‍.പി.സി വക്താവ് ശൈഖ് തലാല്‍ അല്‍ഖാലിദ് അറിയിച്ചു. ശുദ്ധീകരിച്ച് കയറ്റിയയക്കുന്ന എണ്ണയുടെ തോതിലും കുറവുണ്ടായിട്ടുണ്ട്. പ്രതിദിനം ശരാശരി ഒമ്പതുലക്ഷം ബാരല്‍ കയറ്റിയയക്കുന്നത് പണിമുടക്ക് തുടങ്ങിയതോടെ ആറുലക്ഷം ബാരലില്‍ താഴെയായിട്ടുണ്ട്. പെട്രോള്‍ പമ്പുകളെ ഇതുവരെ പണിമുടക്ക് ബാധിച്ചിട്ടില്ല. പമ്പുകളില്‍ 25 ദിവസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുള്ളതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.