കുവൈത്ത് സിറ്റി: ജനാധിപത്യ സംവിധാനത്തിന്‍െറ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം വകവെച്ചുകൊടുക്കുന്ന രാജ്യമാണ് തങ്ങളുടേതെന്ന് കുവൈത്ത്. മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ കുവൈത്ത് കൈവരിച്ച പുരോഗതിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെ കുവൈത്ത് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്നതുള്‍പ്പെടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ കുവൈത്ത് വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ളെന്ന തരത്തില്‍ കഴിഞ്ഞദിവസമാണ് യു.എസ് വിദേശകാര്യമന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് പുറത്തുവന്നത്. മേഖലയില്‍തന്നെ കുവൈത്തിനെപ്പോലെ ജനാധിപത്യസംവിധാനം നിലനില്‍ക്കുന്ന മറ്റൊരു രാജ്യമില്ളെന്നും സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും കുവൈത്ത് വ്യക്തമാക്കി. അതേസമയം, എല്ലാ രാജ്യങ്ങളെയും പോലെ കുവൈത്തിന് പ്രത്യേകമായി ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയുമുണ്ട്. ചില പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭരണഘടനക്ക് നിരക്കാത്ത തരത്തില്‍ പൗരന്മാരില്‍നിന്ന് നീക്കങ്ങളുണ്ടാവുമ്പോള്‍ രാജ്യത്തെ നിയമവ്യവസ്ഥ പ്രകാരം നടപടികളെടുത്തെന്നുവരും. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തിയതിന്‍െറ പേരില്‍ ആരേയും വിചാരണ പൂര്‍ത്തിയാക്കാതെ തടവറകളിലേക്ക് നേരിട്ട് അയക്കുന്ന പ്രവണത രാജ്യത്തില്ല. ഇതിന് വിരുദ്ധമായ അര്‍ഥത്തിലുള്ള പ്രചാരണവും റിപ്പോര്‍ട്ടും സത്യത്തിന് നിരക്കാത്തതാണ്. രാജ്യത്ത് വിദേശികളും ബിദൂനികളും വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരകളാകുന്നുണ്ടെന്നാണ് യു.എസ് വിദേശകാര്യമന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച മറ്റൊരു ആരോപണം.
എന്നാല്‍, ബിദൂനികളുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക ഡിപ്പാര്‍ട്ട്മെന്‍റ് രൂപവത്കരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുന്ന രാജ്യമാണ് കുവൈത്തെന്ന് അധികൃതര്‍ വ്യക്തമാക്കി. ഘട്ടംഘട്ടമായി ഇതുവരെ 8000 ബിദൂനികള്‍ക്ക് തങ്ങളുടെ പൗരത്വം നിര്‍ണയിച്ച് താമസം നിയമപരമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ബന്ധപ്പെട്ട അതോറിറ്റിയുടെ കീഴില്‍ ഇപ്പോഴും നടക്കുകയാണ്. വിദ്യാഭ്യാസവും ചികിത്സാ സൗകര്യവും അന്യമായിരുന്ന ബിദൂനി വിഭാഗം മറ്റുള്ളവരെപ്പോലെ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ഇതുകൂടാതെ സബ്സിഡി അടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡുവരെ ഈ വിഭാഗത്തിന് ലഭ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. വിദേശ തൊഴിലാളികള്‍ പ്രത്യേകിച്ച് ഗാര്‍ഹിക മേഖലകളിലെ തൊഴിലാളികള്‍ അവകാശ നിഷേധങ്ങള്‍ക്കിരകളാവുന്നുണ്ടെന്ന ആക്ഷേപത്തെയും കുവൈത്ത് നിഷേധിച്ചു.
സ്പോണ്‍സര്‍മാരുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങള്‍ ബോധ്യപ്പെട്ടാല്‍ അവരുടെ ഫയലുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടികളെടുക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും കുവൈത്ത് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.