പശ്ചിമേഷ്യ പരിപൂര്‍ണ ആണവായുധ  മുക്തമാക്കണമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: പശ്ചിമേഷ്യ പൂര്‍ണമായി ആണവായുധ മുക്ത മേഖലയായി മാറ്റണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.  ആണവായുധങ്ങള്‍ നിര്‍വീര്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കവെ യു.എന്‍ സ്ഥിരം ദൗത്യസംഘത്തിലെ കുവൈത്തിന്‍െറ ഒന്നാം സെക്രട്ടറി ജനറല്‍ അബ്ദുല്‍ അസീസ് അല്‍ ഉമ്മാശാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ആണവായുധം കൈവശം വെച്ചവരില്ളെങ്കിലും മേഖലയിലെ ഒരു രാജ്യത്ത് ആണവായുധ ശേഖരം ഇപ്പോഴുമുണ്ടെന്ന് ഇസ്രായേലിനെ ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ആണവ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ യു.എന്‍ തലത്തിലുണ്ടായിട്ടും അതെല്ലാം കാറ്റില്‍ പറത്തുകയാണ് ഇസ്രായേല്‍ ചെയ്യുന്നത്. ആണവായുധങ്ങളുടെ വന്‍ ശേഖരവും കൂട്ടനശീകരണായുധങ്ങളും ഇസ്രായേല്‍ കൈവശം വെച്ചിരിക്കെ, പശ്ചിമേഷ്യ ആണവമുക്തമാണെന്ന് പറയാന്‍ സാധിക്കില്ല. ലോകത്തിന്‍െറ ആവശ്യത്തിന് ചെവികൊടുക്കാതെ മുന്നോട്ടുപോകുന്ന ജൂതരാഷ്ട്രത്തെ ആണവമുക്തമാക്കാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. കുവൈത്തുള്‍പ്പെടെ ജി.സി.സി രാജ്യങ്ങളും അറബ് രാജ്യങ്ങളും ആണവായുധ മുക്തമായി തുടരുകയും മേഖലയിലെ ഒരു രാജ്യം അത് കൈവശം വെച്ചിരിക്കുകയും ചെയ്യുന്നത് മേഖലക്ക് എന്നും ഭീഷണിയാണെന്നും അബ്ദുല്‍ അസീസ് അല്‍ഉമ്മാശ് കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.