എണ്ണമേഖലയിലെ ജീവനക്കാരുടെ സമരം ഇന്നുമുതല്‍

കുവൈത്ത് സിറ്റി: രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ മറികടക്കുന്നതിന്‍െറ ഭാഗമായി എണ്ണമേഖലകളില്‍ ജോലിചെയ്യുന്നവരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം ഇന്നുമുതല്‍. രാജ്യത്തെ എല്ലാ എണ്ണയുല്‍പാദന യൂനിറ്റുകളിലെയും ജീവനക്കാര്‍ പണിമുടക്കുമെന്ന് കുവൈത്ത് എണ്ണമേഖല ജീവനക്കാരുടെ സംയുക്ത യൂനിയന്‍ മേധാവി സൈഫ് അല്‍ഖത്താനി അറിയിച്ചു. അതേസമയം, എണ്ണയുല്‍പാദനത്തെയും പമ്പുകളുടെ പ്രവര്‍ത്തനത്തെയും സമരം ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. 
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്കരണ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ എണ്ണമേഖലയിലെ 20,000 ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ എണ്ണമേഖലയിലെ കമ്പനികളുടെ ഉത്തരവാദിത്തം വഹിക്കുന്ന കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെ.പി.സി) തീരുമാനിച്ചിരുന്നു. ‘സ്ട്രാറ്റജിക് ആള്‍ട്ടര്‍നേറ്റിവ് ലോ’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പായാല്‍ എണ്ണമേഖലയിലെ ജീവനക്കാരുടെ ശമ്പളവും ആനുകുല്യങ്ങളും ഗണ്യമായി കുറയും.  ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. 
ഈ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നതായി സൂചന ലഭിച്ചപ്പോള്‍തന്നെ കഴിഞ്ഞമാസം 22ന് എണ്ണമേഖലയിലെ ജീവനക്കാര്‍ അഹ്മദിയിലെ യൂനിയന്‍ ആസ്ഥാനത്ത് പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു.
 ഇതര മേഖലകളെ അപേക്ഷിച്ച് രാജ്യത്ത് എണ്ണമേഖലകളില്‍ ജോലിചെയ്യുന്നവരുടെ സേവന, വേതന ആനുകൂല്യങ്ങളുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. മറ്റു ജോലികളെ അപേക്ഷിച്ച് തൊഴിലാളിയുടെ ജീവനും ആരോഗ്യസുരക്ഷയും ഏറെ ഭീഷണിനേരിടുന്നത് എണ്ണമേഖലയിലാണ്. 1979 മുതല്‍ നിയമപരമായി തങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ അവകാശങ്ങളിലും പ്രത്യേക ആനുകൂല്യങ്ങളിലും കുറവുവരുത്താനുള്ള തീരുമാനങ്ങളെ ശക്തമായി എതിര്‍ക്കുമെന്നാണ് ജീവനക്കാരുടെ നിലപാട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.