വിമാനയാത്രക്കാരുടെ എണ്ണത്തില്‍  ആറു ശതമാനം വര്‍ധന

കുവൈത്ത് സിറ്റി: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം മാര്‍ച്ച് മാസത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന. സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. 
കഴിഞ്ഞമാസം 8,68,800 പേരാണ് വിമാനത്താവളം വഴി രാജ്യത്തേക്ക് വരുകയും വിവിധ രാജ്യങ്ങളിലേക്ക് പോകുകയും ചെയ്തത്. 2015 മാര്‍ച്ചില്‍ എണ്ണം 8,20,800 ആയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ വ്യോമമാര്‍ഗം രാജ്യത്തേക്ക്  4,33,900 പേര്‍ വന്നെങ്കില്‍ തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ കാലയളവില്‍ 4,27,700 പേരാണ് രാജ്യത്തത്തെിയിരുന്നത്. 
കുവൈത്തിന് പുറത്തേക്ക് യാത്ര നടത്തിയവരുടെ എണ്ണത്തിലും സമാനമായ വര്‍ധനയുണ്ടായി. ഈ വര്‍ഷം മാര്‍ച്ചില്‍ 4,34,900 പേര്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം ഇത് 3,93,100 ആയിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാന സര്‍വിസുകളുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 8195 വിമാനങ്ങളാണ് സര്‍വിസ് നടത്തിയതെങ്കില്‍ ഈവര്‍ഷം മാര്‍ച്ചിലെ സര്‍വിസുകള്‍ 8373 ആയിരുന്നു. അതേസമയം, കാര്‍ഗോ വിമാനങ്ങള്‍ വഴിയുള്ള ചരക്കുനീക്കത്തില്‍ ഈ മാര്‍ച്ചില്‍ മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയത്. 2015 മാര്‍ച്ചില്‍ കാര്‍ഗോ വിമാനങ്ങള്‍ വഴി 17.2 മില്യന്‍ കിലോ സാധനങ്ങളുടെ ചരക്ക് നീക്കം നടന്നിരുന്നെങ്കില്‍ ഈ പ്രാവശ്യം അത് 16.9 മില്യന്‍ ആയി കുറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.